എന്നെ ലക്ഷ്യമിട്ട് രണ്ട് മാധ്യമങ്ങൾ പ്രവർത്തിക്കുന്നു, മത്സരിച്ചപ്പോൾ ഒരു മണിക്കൂർ ചർച്ച നടത്തി: വീണാ ജോർജ്
കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്നും കേസുകൾ നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രി
തന്നെ ലക്ഷ്യമിട്ട് രണ്ട് മാധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവരോട് നേരിട്ട് ചോദിച്ചപ്പോൾ അവിടെയുള്ള മാധ്യമപ്രവർത്തകർ നിസ്സഹയത അറിയിച്ചെന്നും അവരുടെ നയമാണതെന്ന് പറഞ്ഞെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. മീഡിയവൺ എഡിറ്റോറിയലിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ മാധ്യമങ്ങളിൽ പ്രവർത്തിക്കാനായി തന്നെ മുമ്പ് ക്ഷണിച്ചിട്ടു പോലുമുണ്ടെന്നും മന്ത്രി പറഞ്ഞു.
''2016 ൽ ഞാൻ സ്ഥാനാർത്ഥിയാകുമ്പോൾ എനിക്കെതിരെ ഒരു മണിക്കൂർ ചർച്ച നടത്തിയ മാധ്യമങ്ങളുണ്ട്. മാധ്യമ രംഗത്ത് പ്രവർത്തിച്ചിട്ടും അതിന്റെ പരിഗണന പോലും എനിക്ക് ലഭിച്ചിട്ടില്ലെന്ന് പറയേണ്ടി വരും'' വീണാ ജോർജ് പറഞ്ഞു.
മാധ്യമ വാർത്തകൾ ഇപ്പോഴും കൃത്യമായി വീക്ഷിക്കാറുണ്ടെന്ന് അവർ പറഞ്ഞു. മാധ്യമപ്രവർത്തനത്തിൽ നിന്ന് മാറിയതിൽ നഷ്ടബോധമുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് നാലാം തരംഗത്തിന് സാധ്യതയില്ലെന്നും കേസുകൾ നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തത്ക്കാലം കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും മാസ്‌ക് ഇപ്പോഴും നിർബന്ധമാണെന്നും അവർ പറഞ്ഞു.
Health Minister Veena George has said that there are two media outlets targeting her.