വീണ വിജയനെതിരായ ഐ.ജി.എസ്.ടി പരാതി; ധനകാര്യ റിപ്പോർട്ട് വൈകുന്നു
സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിന്റെ വിശദീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയുടെ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന ധനവകുപ്പിന്റെ റിപ്പോർട്ട് വൈകുന്നു. ധനമന്ത്രിയുടെ നിർദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞെങ്കിലും ധനവകുപ്പിന് വിവരങ്ങൾ കൈമാറിയിട്ടില്ല. സാങ്കേതിക നടപടികൾ ബാക്കിയുണ്ടെന്ന് നികുതി വകുപ്പും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ധനവകുപ്പും വിശദീകരണം നൽകി.
വീണ നികുതി വെട്ടിച്ചെന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാതിയിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാലൻ അന്വേഷണം നടത്താൻ നിർദേശം നൽകിയത്. 'പരിശോധിക്കുക' എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. വീണ ഐ.ജി.എസ്.ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴൽനാടന്റെ പരാതി. സി.എം.ആർ.എലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.
1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ഐ.ജി.എസ്.ടി അടയ്‌ക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഐ.ജി.എസ്.ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിനു കിട്ടാനുള്ള ജി.എസ്.ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞ ധനമന്ത്രി പണം വീണ്ടെടുക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.