വേങ്ങൂരിലെ മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം
ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്
എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവവ ഗുരുതരമായി തുടരുന്നു. പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേങ്ങൂർ കരിയാംപുറം സ്വദേശി കാർത്യായനിയാണ് ഇന്നലെ മരിച്ചത്. വേങ്ങൂർ വക്കുവളളി സ്വദേശിയും തൊട്ടടുത്ത പഞ്ചായത്തായ മുടക്കുഴ സ്വദേശിക്കുമാണ് മഞ്ഞപ്പിത്തത്തെത്തുടർന്ന് നേരത്തേ ജീവൻ നഷ്ടമായത്. ഗുരുതരാവസ്ഥയിൽ രണ്ട് പേരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇരുന്നൂറിലേറെ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ സർക്കാർ ഇടപെടലിനായി ആരോഗ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. ചികിത്സാചെലവിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുണ്ടാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് മുൻകൈയ്യെടുത്ത് ധനസമാഹരണം നടത്തിവരികയാണ്.
മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെക്കുറിച്ച് മൂവാറ്റുപുഴ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം തുടരുകയാണ്. മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായതിന്റെ കാരണവും രോഗം പടർന്നുപിടിക്കുന്നത് തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും.