വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: കേസിലെ സാക്ഷികളെ പ്രതികളാക്കി കോടതിയുടെ സമൻസ്
കേസിലെ ഒന്നാം പ്രതിയുടെ മാതാവ് നൽകിയ പരാതിയിലാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കൊല്ലപ്പെട്ടവരാണ് ആദ്യം ആക്രമണം നടത്തിയതെന്നാണ് പരാതി
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ സാക്ഷികളായ ഏഴുപേരെ പ്രതികളാക്കി കോടതി സമൻസ്. കേസിലെ ഒന്നാം പ്രതിയുടെ മാതാവ് നൽകിയ പരാതിയിലാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കൊല്ലപ്പെട്ടവരാണ് ആദ്യം ആക്രമണം നടത്തിയതെന്നാണ് പരാതി. കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലാണ് സാക്ഷികളെ പ്രതിയാക്കി കോടതി സമൻസയച്ചത്.
കൊലക്കേസിലെ ഒന്നാംപ്രതി നജീബിന്റെ മാതാവ് റംലാബീവി കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. ഡി.വൈ.എ.ഫ്.ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് 2020 ആഗസ്റ്റ് 30ന് കൊല്ലപ്പെട്ടത്.
എന്നാൽ തന്റെ മകൻ നജീബിനെ കൊലപ്പെടുത്താൻ കാത്തുനിന്ന സംഘം പല തവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റംലാബീവിയുടെ പരാതി. പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ വിശദീകരണം തേടിയ കോടതിയോട് കേസ് ചാർജ് ചെയ്യേണ്ടതില്ലെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. എന്നാൽ റിപ്പോർട്ട് തള്ളിയ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. കൊലക്കേസിൽ പ്രതികളായ ആറുപേർ നിലവിൽ വിചാരണ തടവിലാണ്.