ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

ക്ഷേമ പെൻഷൻ തട്ടിപ്പിൽ സർക്കാർ കടുത്ത നടപടികളിലേക്ക്

Update: 2024-11-29 07:51 GMT
Editor : Jaisy Thomas | By : Web Desk
welfare pension
AddThis Website Tools
Advertising

തിരുവനന്തപുരം:  കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ. എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌. 

ഇതുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യാനും ധനവകുപ്പ്‌ നിർദേശിച്ചിട്ടുണ്ട്‌. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും നിർദേശമുണ്ട്.  കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്‍റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം. ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ഒരാൾ മരണപ്പെട്ടു, ബിഎംഡബ്‌ള്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടിഷണർ ഉൾപ്പെടെ സുഖ സൗകര്യങ്ങളുമുണ്ട്‌. ഭാര്യയോ ഭർത്താവോ സർവീസ്‌ പെൻഷൻ പറ്റുന്നവരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.

മിക്കവരുടെയും വീട്‌ 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനുപിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധന വകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌.

കോട്ടയ്‌ക്കൽ നഗരസഭയിലെ മുഴുവൻ സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കളുടെയും അർഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇത്‌ സംബന്ധിച്ച്‌ നഗരസഭേയ്‌ക്ക്‌ നിർദേശം നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട്‌ ആവശ്യപ്പെട്ടു. ഇത്തരം പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കും. അനർഹരായ മുഴുവൻ പേരെയും പട്ടികയിൽനിന്ന്‌ ഒഴിവാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ സൂചിപ്പിച്ചു. ബാങ്ക്‌ അക്കൗണ്ട്‌ വഴി ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച്‌ കൃത്യമായ ഇടവേളകളിൽ വിലയിരുത്തൽ നടത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News