എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം; അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശിപാർശയിൽ സർക്കാർ തീരുമാനമെടുത്തത് ഏഴാം ദിവസം

Update: 2024-09-20 00:54 GMT
Advertising

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അജിത് കുമാറിനെതിരെ പി.വി അൻവർ എം.എൽ.എ നൽകിയ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ശിപാർശയിൽ ഏഴാം ദിവസമാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലൻസ് മേധാവി തീരുമാനിക്കും.

പി.വി അൻവർ എം.എൽ.എ നൽകിയ പരാതിയിലുൾപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ തന്റെ സംഘത്തിന് അന്വേഷിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് സ്വീകരിച്ചിരുന്നത്. തുടർന്ന് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ശിപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് നൽകി. എന്നാൽ ശിപാർശയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അജിത് കുമാറിന് സർക്കാർ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ശിപാർശ നൽകിയതിന്റെ ഏഴാം ദിവസം മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു.

അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. അന്വേഷണം നടത്തണമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഉത്തരവ് വിജിലൻസ് മേധാവിക്ക് കൈമാറുകയും ചെയ്തു. ആരോപണ വിധേയൻ എഡിജിപിയായതിനാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത തന്നെ അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ചേക്കും എന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥരായി എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും വരിക.

ഇതിൽ ഇന്ന് വിജിലൻസ് മേധാവി അന്തിമ തീരുമാനമെടുക്കും. അനധികൃത സ്വത്ത് സമ്പാദനവും വീട് നിർമാണവും ഉൾപ്പെടെയുള്ള അഞ്ച് കാര്യങ്ങളാണ് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരിക. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് പുറമേ, വിജിലൻസ് കൂടി അന്വേഷണത്തിന് ഇറങ്ങുന്നതോടെ അജിത് കുമാറിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി കസേരയ്ക്ക് ഇളക്കം തട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News