കെ സുധാകരനെതിരെ വിജിലൻസിന്‍റെ പ്രാഥമികാന്വേഷണം
കെ കരുണാകന്റെ ട്രസ്റ്റിന് പിരിച്ച തുകയിൽ ക്രമക്കേട് നടത്തിയെന്ന മുൻ ഡ്രൈവറുടെ പരാതിയിലാണ് വിജിലൻസ് ഡയരക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി വ്യക്തിവിരോധം തീർക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിന് ഉത്തരവ്. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലുള്ള പണപ്പിരിവിലെ ക്രമക്കേട്, അനധികൃത സ്വത്തുസമ്പാദനം തുടങ്ങിയ പരാതികളിലാണ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്.
അനധികൃത പണപ്പിരിവിലും സ്വത്തുസമ്പാദനത്തിലും സുധാകരനെതിരെ കേസെടുത്ത് അന്വേഷണമാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിലാണ് പ്രാഥമികാന്വേഷണം തുടങ്ങിയത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിൽ വിദേശത്തുനിന്നടക്കം 32 കോടി രൂപ പിരിച്ചു. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്‌കൂളും അഞ്ചേക്കർ സ്ഥലവും വാങ്ങി അന്താരാഷ്ട്ര നിലവാരമുള്ള എജ്യുക്കേഷണൽ ഹബ്ബാക്കി ഇതിനെ മാറ്റുകയായിരുന്നു പദ്ധതി. എന്നാൽ കരാർ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കണ്ണൂർ എജ്യു പാർക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാൻ ശ്രമിച്ചുവെന്നാണ് പ്രശാന്ത് ബാബു നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കണ്ണൂർ ഡിസിസി ഓഫീസ് നിർമാണത്തിന് പിരിച്ച കോടികൾ വകമാറ്റി ചെലവഴിച്ചുവെന്നും പരാതിയുണ്ട്. ബിനാമി ബിസിനസുകളിലൂടെയും മറ്റും സുധാകരൻ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്നും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോഴിക്കോട് വിജിലൻസ് എസ്പിക്ക് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്തും.
മുഖ്യമന്ത്രി വ്യക്തിവിരോധം തീർക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കെ സുധാകരനെതിരായ വൈരാഗ്യം തീർക്കാനാണ് അന്വേഷണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. രാഷ്ട്രീയവൈരാഗ്യം തീർക്കുന്നത് ജനങ്ങൾ തിരിച്ചറിയും. കേസെടുത്ത് പ്രതിപക്ഷത്തെ ഭയപ്പെടുത്തേണ്ടെന്നും സതീശൻ വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ വിമർശിച്ചു.