വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്; കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും

സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ള കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും

Update: 2022-05-02 01:29 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: നടൻ വിജയ്ബാബുവിനെതിരായ പീഡനക്കേസിൽ സാക്ഷികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു. പീഡനം നടന്ന സ്ഥലങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തും. വിജയ് ബാബുവിനെ സിനിമാ സംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കി.

പീഡനം നടന്ന അഞ്ചു സ്ഥലങ്ങളിലും പൊലീസ് ആദ്യഘട്ട തെളിവെടുപ്പും തെളിവ് ശേഖരണവും നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്.

സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ള കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. വിദേശത്തുള്ള വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകാത്തതാണ് പ്രധാന പ്രതിസന്ധി. ഇയാളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. വിജയ് ബാബുവിന്റെ പനമ്പിള്ളി നഗറിലെ വസതിയിൽ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തിയിരുന്നു. ഇന്നലെ ചേർന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ വിജയ് ബാബുവിനെതിരെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.

ഐ.സി.സിയുടെ റിപ്പോർട്ടിന്റെയും വിജയ് ബാബു നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നിരപരാധിത്വം തെളിയുന്നത് വരെ മാറി നിൽക്കുന്നതായി വിജയ് ബാബു അറിയിച്ചെന്നാണ് 'അമ്മ' നൽകുന്ന വിശദീകരണം. 'അമ്മ'യുടെ ഭരണഘടന പ്രകാരം എല്ലാ അംഗങ്ങൾക്കും സ്ഥിരാംഗത്വമാണ് ഉള്ളത്. അതുകൊണ്ട് അംഗത്വത്തിൽ നിന്നും പുറത്താക്കാൻ അധികാരമില്ല. ഇതോടെയാണ് വിജയ് ബാബുവിനെതിരായ നടപടി തരം താഴ്ത്തുന്നതിൽ ഒതുങ്ങിയത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News