വിജയ്ബാബു 30ന് നാട്ടിലെത്തും; വിമാന ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു

Update: 2022-05-24 10:38 GMT
Advertising

കൊച്ചി; യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു വിമാനടിക്കറ്റ് ഹാജരാക്കി. ഹൈക്കോടതിയിലാണ് ടിക്കറ്റ് ഹാജരാക്കിയത്. ഈ മാസം 30ന് എത്തുമെന്ന് വിജയ്ബാബു കോടതിയെ അറിയിച്ചു. കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ താൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാം എന്നും മുൻകൂർ ജാമ്യം നൽകണമെന്നും വിജയ്ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആദ്യം കേരളത്തിൽ എത്തൂ എന്നും എന്നിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. അതിന് സമ്മതമാണെന്നും വിമാനടിക്കറ്റ് എത്രയും പെട്ടന്ന് കോടതിയിൽ ഹാജരാക്കാമെന്നും വിജയ്ബാബുവിന്റെ  അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

തുടർന്നാണ് ഇന്ന് മടക്കയാത്രാ രേഖകൾ ജസ്റ്റിസ് പി ഗോപിനാഥിൻറെ ബഞ്ച് മുന്പാകെ അഭിഭാഷകൻ ഹാജരാക്കിയത്. ഈ മാസം 30 നാണ് ദുബൈയിൽ നിന്നും കൊച്ചിയിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. തിങ്കളാഴ്ച തന്നെ കോച്ചിയിലെത്തുമെന്നും അതിനാൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു മടങ്ങിയെത്തിയില്ലങ്കിൽ റെഡ് കോർണർ നോട്ടീസടക്കമുള്ള നടപടികളിലേക്ക് പൊലിസ് കടക്കാനൊരുങ്ങവേയാണ് അഭിഭാഷകൻ ഹൈക്കോടതിയിൽ യാത്രാ രേഖകൾ ഹാജരാക്കിയത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്‌ളാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ്  വിജയ് ബാബുവിന്റെ ഹരജിയിൽ പറയുന്നത്. . തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയെന്നും ഹരജിക്കാരൻ ആരോപിക്കുന്നു. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.

ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്. ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News