മരിച്ച തണ്ടർബോൾട്ട് കമാൻഡോ സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്; വിനീത് കൊടുംപീഡനത്തിന്‍റെ ഇരയെന്ന് ടി. സിദ്ദീഖ്
അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്
മലപ്പുറം: അരീക്കോട് SOG ക്യാമ്പിൽ വെടിയേറ്റ് മരിച്ച വിനീത് മരണത്തിന് തൊട്ടുമുമ്പ് അയച്ച വാട്സ് ആപ് സന്ദേശം പുറത്ത്. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്‍റ് അജിത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് സുഹൃത്തിനയച്ച സന്ദേശം.
വിനീതിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ടി.സിദ്ദീഖ് എംഎല്‍എ ആവശ്യപ്പെട്ടു. ''ഈ മെസേജ് രാഹുലിനെ കാണിക്കണം, എസി അജിത്തിനെയും.. ഓട്ടത്തിന്‍റെ സമയം കൂട്ടണം, എന്‍റെ ജീവൻ അതിനായി സമർപ്പിക്കുന്നു'' ഇങ്ങനെ നീളുന്നു തണ്ടർ ബോൾട്ട് കമാൻഡോ വിനീത്, സുഹൃത്തിനയച്ച സന്ദേശം.
ഇന്നലെ രാത്രിയാണ് അരീക്കോട് എസ്ഒജി ക്യാമ്പിലെ ശുചിമുറിയിൽ വിനീതിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണം അവധി അനുവദിക്കാത്തതും ക്യാമ്പിലെ തൊഴിൽ പീഡനങ്ങളുമാണെന്ന് സഹപ്രവർത്തകർ പറയുന്നു. വയനാട് കല്പറ്റ തെക്കുംതറ സ്വദേശിയായ വിനീതിന്‍റെ ഭാര്യ ഗർഭിണിയാണ്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.