ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്
വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ അക്രമികൾക്കെതിരെ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്ന പയ്യംമ്പള്ളി സ്വദേശി മാതനാണ് ആക്രമണത്തിനിരയായത്. സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരത. കാറിൻ്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. ഇരു സംഘം വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. അരക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാർ ഇടപെട്ടതോടെ കാറിലുള്ളവർ രക്ഷപ്പെട്ടു.ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ആർ. കേളു പൊലീസിന് നിർദേശം നൽകി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട മന്ത്രി, മാതന് ആവശ്യമായ വിദഗ്‌ധ ചികിത്സ നൽകാൻ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനും നിർദേശം നൽകി.