വിസ്മയ കേസ്; ആത്മഹത്യയ്ക്ക് കാരണം സ്ത്രീധന പീഡനം, കുറ്റപത്രം സമര്‍പ്പിച്ചു
500 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൊല്ലം വിസ്മയ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനത്തെ തുടർന്നുണ്ടായ മാനസിക പ്രശ്നമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്.പി കെ.ബി രവി പറഞ്ഞു. ഇന്ന് ആത്മഹത്യാ വിരുദ്ധ ദിനമാണെന്നും അന്നു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
500 പേജുള്ള കുറ്റപത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളും 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘം ലക്ഷ്യംവെക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിസ്മയ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളടക്കം ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ നിര്‍ണായകമാവുകയെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം, കേസില്‍ മികച്ച സംഘമാണ് അന്വേഷണം നടത്തിയതെന്ന് വിസ്മയയുടെ പിതാവ് പ്രതികരിച്ചു. അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാമെന്നും അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. അന്വേഷണ സംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും മകൾക്ക് നീതി ലഭിക്കുമെന്നും വിസ്മയയുടെ അമ്മയും വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 21 പുലർച്ചെയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.