വിസ്മയ കേസ്; ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും മൊഴി രേഖപ്പെടുത്തി

പ്രതി കിരണ്‍കുമാറിന്‍റെ സഹോദരീഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും.

Update: 2021-06-25 09:28 GMT
Advertising

കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിന്‍റെ തീവ്രശ്രമം. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടേയും ഫൊറന്‍സിക് ഡയറക്ടറുടേയും വിശദമൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തി. പ്രതി കിരണ്‍കുമാറിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. 

ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫൊറന്‍സിക് ഡയറക്ടര്‍ ശശികലയുടേയും പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടെയും മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

ശുചിമുറിയില്‍ ‍പരിശോധന നടത്തിയ ഫൊറന്‍സിക് ഡയറക്ടറില്‍ നിന്ന് അന്വേഷണ സംഘം വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ശുചിമുറിയുടെ ജനാലയില്‍ കെട്ടിയിരുന്ന ടവ്വൽ കഴുത്തില്‍ മുറുകിയാണ് വിസ്മയ മരിച്ചത്. ഇത് വിസ്മയ സ്വയം ചെയ്തതാണോ അതോ കിരണ്‍കുമാര്‍ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് പൊലീസ് ഉത്തരം തേടുന്നത്.

വിസ്മയയുടെ കഴുത്തിലെ പാടുകള്‍, അവയുടെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാള്‍ കെട്ടിത്തൂക്കുമ്പോഴും ഉണ്ടാകുന്ന വ്യത്യാസം തുടങ്ങിയവ മനസ്സിലാക്കാനാണ് സംഘത്തിന്‍റെ ശ്രമം. അതേസമയം, കിരണിന്‍റെ സഹോദരീഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കിരണ്‍കുമാറിന്‍റെ അയല്‍വാസികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ മൊഴികളും പൊലീസ് ശേഖരിച്ചു തുടങ്ങി.  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിമൻ ജസ്റ്റിസ് നേതാക്കൾ തുടങ്ങിയവർ വിസ്മയയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News