"ഹോണ്ട സിറ്റിയായിരുന്നു ഇഷ്ടം, വെന്‍റോ ഉറപ്പിച്ചതല്ലേ"; കിരൺകുമാർ സ്ത്രീധനമാവശ്യപ്പെട്ടതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്
വിസ്മയയും കിരണും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്
കൊല്ലം: വിസ്‌മയ കേസില്‍ കിരൺകുമാർ സ്ത്രീധനമാവശ്യപ്പെട്ടതിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്. വിസ്മയയും കിരണും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഹോണ്ട സിറ്റിയായിരുന്നു തനിക്കിഷ്ടം, വിലക്കൂടുതലായതിനാല്‍ വേണ്ടെന്ന് വച്ചതാണ്. എന്നിട്ട് വെന്‍റോ ഉറപ്പിച്ചു. രാവിലെ വേറെ കാർ കണ്ടപ്പോൾ കിളി പോയെന്ന് കിരൺ കുമാർ വിസ്‍മയയോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
വിസ്മയ കേസിൽ കോടതി ഇന്ന് വിധി പറയും. അഡീഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന കേസിൽ വിധി പറയുന്നത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിതാണ് വിധി പ്രസ്താവിക്കുക.
സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും നിർണായകമാണ്.
2021 ജൂൺ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്. മകൾക്ക് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛൻ പ്രതികരിച്ചു. സ്ത്രീധനത്തിനെതിരെ വലിയ ക്യാമ്പെയിനുകൾക്ക് തുടക്കം കുറിച്ച കേസായതിനാൽ പൊതുസമൂഹവും വിസ്മയ കേസ് വിധിയെ ഉറ്റുനോക്കുന്നുണ്ട്.