കൊല്ലം വിസ്മയ കേസിൽ വിധി നാളെ

ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയത്

Update: 2022-05-22 01:25 GMT
Advertising

കൊല്ലം: വിസ്മയ കേസിൽ വിധി നാളെ. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിക്കുക. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.

വിസ്മയ മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപാണ് കേസിൽ വിചാരണ പൂർത്തിയായി വിധി പറയുന്നത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. ജനുവരി പത്തിനാണ് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചത്.

2021 ജൂൺ 21നാണ് വിസ്മയയെ കിരണിന്‍റെ ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിൽ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ വലിയ ക്യാംപെയിനുകൾ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. അതിനാൽ പൊതുസമൂഹം ഉറ്റുനോക്കുന്ന വിധി കൂടിയാണ് വിസ്മയ കേസിലേത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News