'വിഴിഞ്ഞം സമരത്തിന് പിന്നിൽ മറ്റുചിലർ പ്രവർത്തിക്കുന്നു'; സർക്കാർ നിലപാട് ആവർത്തിച്ച് എം.വി ഗോവിന്ദൻ
സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യത്തോടും സമരത്തോടും യോജിപ്പില്ല. നാല് വർഷം കൊണ്ട് എല്ലാ മത്സ്യത്തൊഴിലാളികൾക്കും വീട് നൽകുമെന്ന സർക്കാർ വാഗ്ദാനം സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ചു.
തിരുവനന്തപുരം വെട്ടുകാട് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ജനസദസിൽ സംസാരിക്കുമ്പോഴാണ് വിഴിഞ്ഞം സമരത്തിൽ സർക്കാർ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചത്. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് പറയുന്നതിൽ ഗൂഡാലോചനയുണ്ട്. യു.ഡി.എഫ് അതിനൊപ്പം ചേരുന്നുവെന്ന് എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം പാർട്ടി സെക്രട്ടറി ആവർത്തിച്ചു. സമരം ചെയ്യുന്നവർ ശത്രുക്കളാണെന്ന നിലപാട് സർക്കാരിനില്ല. അവർ പാവപെട്ട മത്സ്യത്തൊഴിലാളികളാണ്. അവർക്ക് പിന്നിൽ മറ്റുചിലർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരെ തുടരുന്ന സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ലത്തീൻ സഭ. പുതിയ സമരരീതികൾ ചർച്ച ചെയ്യാൻ ലത്തീൻ അതിരൂപതയ്ക്ക് കീഴിലുള്ള മുഴുവൻ വൈദികരെയും ഉൾപ്പെടുത്തി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് യോഗം ചേരും. പൊലീസ് തടഞ്ഞാലും തുറമുഖ നിർമാണ പ്രദേശത്തേക്ക് പോകാനാണ് സമരക്കാരുടെ തീരുമാനം.ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുറമുഖ കവാടിത്തിന് മുന്നിൽ പൊലീസ് കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞം ഇടവകയിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് സമരവേദിയിലേക്ക് എത്തും.