വിഴിഞ്ഞം തുറമുഖം: ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി; നിർമ്മാണം നിർത്തിവെയ്ക്കണമെന്നാവശ്യം ശരിയല്ലെന്ന് ശശി തരൂർ
സമരത്തിന്റെ സ്വഭാവം മാറിയതോടെയാണ് പ്രശ്‌നപരിഹാര നീക്കങ്ങൾക്ക് സർക്കാർ വേഗം കൂട്ടിയത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നാലാം ദിവസത്തിലേക്ക് നീങ്ങിയ സമരത്തിന്റെ സ്വഭാവം മാറിയതോടെയാണ് പ്രശ്‌നപരിഹാര നീക്കങ്ങൾക്ക് സർക്കാർ വേഗം കൂട്ടി. ഇന്ന് നടക്കുന്ന ചർച്ചയിലൂടെ പ്രശ്‌നപരിഹാരമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
സമരക്കാരുമായുള്ള ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ പങ്കുവെച്ചു. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഫ്‌ളാറ്റ് നിർമ്മാണം ഉടൻ തുടങ്ങുമെന്ന ഉറപ്പ് മന്ത്രി നൽകും. തീരശോഷണം തടയാനുള്ള ഇടപെടലുകൾ ഉണ്ടാകും, നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ ഉടൻ പരിഹാരം എന്ന് ഉറപ്പും സർക്കാർ നൽകും.
എന്നാൽ തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നും നിർമ്മാണം നിർത്തിവെയ്ക്കണമെന്നാവശ്യം ശരിയല്ലെന്ന് ശശി തരൂർ എം.പി പറഞ്ഞു.'വികസനവും വേണം ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം.പുനരധിവാസം നടന്നില്ല എന്നത് സത്യമാണ്. സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല എന്നതും സത്യമാണ്. സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സമരം ഇനിയും നീണ്ട് പോയാൽ ക്രമസമാധാന പ്രശ്‌നനങ്ങൾ വർധിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്.