വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണം: വെൽഫെയർ പാർട്ടി
2017ലാണ് തുറമുഖം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മൂലമുള്ള ദുരിതങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. തുറമുഖം നിർമാണം തുടങ്ങിയത് മുതൽ സമാനതകളില്ലാത്ത ദുരിതങ്ങളാണ് വിഴിഞ്ഞത്തും പരിസരത്തുമുള്ള ജനം അനുഭവിക്കുന്നത്.
2017ലാണ് തുറമുഖം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നുമുതൽ മൺസൂൺ കാലങ്ങളിൽ തീവ്രമായ കരകയറ്റംമൂലം തീര നിവാസികൾ ദുരിതത്തിലാണ്. മത്സ്യത്തൊഴിലാളികളുടെ നൂറുകണക്കിന് വീടുകളാണ് ഇക്കാലയളവിൽ കടൽ കവർന്നത്. നഗരവാസികളുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശംഖുമുഖം തീരം പൂർണമായും കടലെടുത്തു.
കോവളം പോലുള്ള അന്താരാഷ്ട്ര പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും നാശോന്മുഖമാണ്. തുറമുഖ നിർമാണം പാതിവഴിയിൽ എത്തിയപ്പോഴാണ് ഈ നാശനഷ്ടങ്ങളെല്ലാം സംഭവിച്ചിരിക്കുന്നത്. തുറമുഖത്തിനായി പാറ പൊട്ടിച്ചെടുക്കുന്ന പശ്ചിമഘട്ട മലനിരകളുടെ സ്ഥിതി ഇതിലും ദയനീയമാണ്.
മണ്ണിടിച്ചിലും പൊടിശല്യവും കാലാവസ്ഥാവ്യതിയാനവും ക്വാറികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ വ്യാപകമാണ്. ഈ സാഹചര്യത്തിൽ പരിസ്ഥിതിക്കും മനുഷ്യർക്കും ഒരു ഗുണവും ഉണ്ടാക്കാത്തതും കുത്തകകൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ മാത്രമുള്ളതുമായ തുറമുഖം ഉപേക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.