വിഴിഞ്ഞം സമരം: മുഖ്യമന്ത്രി നേരിട്ട് ഇടപെടണം- ജമാഅത്തെ ഇസ്‍ലാമി
'സമരക്കാരെ വംശീയാധിക്ഷേപം നടത്തിയ സംഘ്പരിവാർ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന ബോധം സർക്കാരിനുണ്ടാവണം. സംഘ്പരിവാർ അജണ്ടയിൽ വീണുപോവാതിരിക്കാൻ സമരനേതൃത്വവും ശ്രദ്ധിക്കണം.'
കോഴിക്കോട്: വിഴിഞ്ഞം സമരമുഖത്തെ സംഘർഷാവസ്ഥ ഇല്ലായ്മ ചെയ്യാൻ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തണമെന്നും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്നും ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. സമരത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം, മന്ത്രിമാരെ പറഞ്ഞയച്ച് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ നിലപാട് അംഗീകരിക്കാത്തത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുകയും ജീവിതമാർഗം തടയപ്പെടുകയും ചെയ്യുന്നവർ നടത്തുന്ന സമരമാണെന്ന പ്രാഥമികബോധം സർക്കാരിനുണ്ടാവണം. പൊലീസ് നടപടിയിലൂടെ സമരം അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ജനാധിപത്യ സർക്കാർ ആ വഴി സ്വീകരിക്കരുതെന്നും എം.ഐ അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.
'പ്രദേശവാസികളായ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളെ മുഖവിലക്കെടുക്കണം. സമരക്കാരുടെ മതം നോക്കി പൊലീസ് നടപടിയെടുക്കുന്ന രീതിയും അംഗീകരിക്കാനാവില്ല. തുറമുഖ നിർമാണ പ്രവർത്തനം പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകൾക്കും വിവേചനരഹിതമായി മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇതിൽനിന്ന് ജനാധിപത്യ സർക്കാരിന് ഒളിച്ചോടാനാവില്ല.'
സമരക്കാരെ വംശീയാധിക്ഷേപം നടത്തിയ സംഘ്പരിവാർ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന ബോധം സർക്കാരിനുണ്ടാവണം. സംഘ്പരിവാർ അജണ്ടയിൽ വീണുപോവാതിരിക്കാൻ സമരനേതൃത്വവും ശ്രദ്ധിക്കണം. മന്ത്രിയെ മതം നോക്കി അധിക്ഷേപിച്ചതും അപലപനീയമാണ്. അക്രമാസക്തവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ സമരരീതികളെ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. അത്തരം രീതികൾ പൊതുജന പിന്തുണ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. കോർപറേറ്റുകളുടെയും സംഘ്പരിവാർ അജണ്ടകളുടെയും പക്ഷംപിടിക്കുന്നതിന് പകരം സമരത്തിന്റെ സമാധാനപരമായ പരിഹാരത്തിന് വേണ്ടി സർക്കാർ പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്‍ലാമി അമീർ ചൂണ്ടിക്കാട്ടി.
Summary: 'CM Pinarayi Vijayan himself should interfere to end the tension in Vizhinjam. It is not good for a democratic government to suppress the protest by using the police force', says Jamaat-e-Islami Kerala Ameer M.I Abdul Azeez