വിഴിഞ്ഞം സമരം: നാളെ വീണ്ടും മന്ത്രിതല ചർച്ച
വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും
തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാന്‍ നാളെ വീണ്ടും മന്ത്രിതല ചര്‍ച്ച. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍,ആന്‍റണി രാജു എന്നിവര്‍ പങ്കെടുക്കും.
12 ദിവസം പിന്നിട്ട സമരം കൂടുതല്‍ കടുപ്പിക്കാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വീണ്ടും മന്ത്രിതല ചര്‍ച്ച. സമരം കൂടുതല്‍ കടുപ്പിക്കാന്‍ തീരുമാനിച്ച ലത്തീന്‍ സഭ വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും.
വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ സഭാ പ്രതിനിധികളും കലക്ടറുൾപ്പടെയുള്ളവരും പങ്കെടുക്കും. കെ.രാജൻ, സിന്ധുറാണി തുടങ്ങിയ മന്ത്രിമാരും ചർച്ചയിലുണ്ടായേക്കുമെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറെയും പരിഹരിച്ച സ്ഥിതിക്ക് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെടും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കലക്ടർ മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. ഇതിന്‍റെ വിശദാംശങ്ങളും മന്ത്രിമാര്‍ പ്രതിഷേധക്കാരെ അറിയിക്കും.
എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതിന് ശേഷവും സമരം കടുപ്പിക്കാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. 31 വരെ നിശ്ചയിച്ചിരുന്ന സമരം സെപ്തംബര്‍ നാലു വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കടൽ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി വ്യക്തമാക്കി.