'വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കേന്ദ്രസേനയെ വിന്യസിക്കണം'; അദാനി ഗ്രൂപ്പിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായും സമരസമിതി നേതാക്കൾക്ക് വിദേശ ഫണ്ട് ലഭിക്കുന്നതായുമുള്ള ആരോപണങ്ങൾ സമിതി തള്ളിക്കളഞ്ഞു
കൊച്ചി: വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സർക്കാരിന്റെ മറുപടി കോടതി പരിശോധിക്കും.
കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ തുറമുഖനിർമാണം തടസപ്പെടുത്തരുതെന്ന കർശന നിർദേശമാണ് ഹൈക്കോടതി നൽകിയത്. നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ സർക്കാർ തയാറാകാത്തതിനാൽ സംരക്ഷണത്തിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക. എന്നാൽ, തുറമുഖനിർമാണം അനുവദിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ലത്തീൻസഭ.
അതേസമയം, വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായുള്ള ആരോപണങ്ങൾ സമരസമിതി തള്ളിക്കളഞ്ഞു. സമരത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്നായിരുന്നു ആരോപണം. നൂറുദിവസം പിന്നിട്ട അതിജീവന സമരത്തെ നിർവീര്യമാക്കാൻ തൽപരകക്ഷികൾ നിഗൂഢ ഇടപെടലുകൾ നടത്തുകയാണെന്ന് വിഴിഞ്ഞം സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര ആരോപിച്ചു. സമരത്തിന്റെ പേരിൽ ആരെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തണം. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവർക്ക് സമരവുമായി നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായ ഒരു നേതാവിന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ വിദേശത്തുനിന്ന് 11 കോടി രൂപ എത്തിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. സമരസമിതി നേതാവ് എ.ജെ വിജയന്റെയും ഭാര്യ ഏലിയാമയ്യയുടെയും അഞ്ചുവർഷത്തെ ബാങ്ക് ഇടപാടുകൾ കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
Summary: Kerala High Court will consider today the contempt plea filed by the Adani Group against the Vizhinjam strike