വിഴിഞ്ഞം സമരം പതിനാലാം ദിവസത്തിലേക്ക്; സമരസമിതി പ്രതിനിധികളുമായുള്ള മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്

സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു

Update: 2022-08-29 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: 14ാം ദിവസവും സമവായമാകാതെ വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം. ജില്ലയിലെ നാല് ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കടലിലും കരയിലും പ്രതിഷേധം തീര്‍ക്കും. സമരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത ആരോപിച്ചു. സമരസമിതി പ്രതിനിധികളുമായുള്ള മന്ത്രിസഭാ ഉപസമിതി യോഗവും ഇന്ന് ചേരും.

ആദ്യമായാണ് നാല് ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സമരത്തിനെത്തുന്നത്. ശാന്തിപുരം, പുതുക്കുറിച്ചി, പൂത്തുറ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തിനെത്തുക. ഒരേ സമയം കടലിലും കരയിലും പ്രതിഷേധം സംഘടിപ്പിക്കും. ചിറയിൻകീഴ്, മുതലപ്പൊഴി പ്രദേശത്ത് നിന്നുള്ള 14 വള്ളങ്ങൾ കടൽ വഴി തുറമുഖ നിർമാണ പ്രദേശം വളയും. സമരക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നു എന്നാണ് ലത്തീന്‍ അതിരൂപതയുടെ ആരോപണം.

ഇന്നലെ വിളിച്ച മന്ത്രിതല ഉപസമിതിയോഗം സര്‍ക്കാരും സമരക്കാരും തമ്മിലുണ്ടായ ആശയക്കുഴപ്പം മൂലം നടന്നിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ന് വീണ്ടും ലത്തീന്‍ അതിരൂപത പ്രതിനിധികളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. അതേസമയം അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ലത്തീന്‍ രൂപത ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മറ്റ് ആവശ്യങ്ങളല്ലാം അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല എന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ നിര്‍മാണം നിര്‍ത്താതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മത്സ്യത്തൊഴിലാളികളും വ്യക്തമാക്കുമ്പോള്‍ സമവായമില്ലാതെ സമരം നീളാനാണ് സാധ്യത.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News