'നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭ'; സർക്കാറിനെ വിമർശിച്ച് ലത്തീൻ അതിരൂപത
'പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം വിജയിപ്പിച്ചിട്ടേ അടങ്ങൂ'; തിയോഡേഷ്യസ് പറഞ്ഞു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത. നികൃഷ്ട ജീവിയുടെ കീഴിലാണ് മന്ത്രിസഭയെന്ന് ഫാദർ തിയോ ഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. നിയമസഭയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞത് കള്ളമാണ്. അദാനിയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങിയവരുണ്ടെങ്കിൽ തിരിച്ച് കൊടുക്കണം, തുറമുഖ നിർമാണം നിർത്തിവെക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ഫാ.തിയോഡേഷ്യസ് വ്യക്തമാക്കി.
'വാ തുറന്നാൽ നികൃഷ്ട ജീവി, കടക്കൂ പുറത്ത് എന്ന് പറയുന്ന ചങ്കന്റെ ധൈര്യം ഒന്നും ഇങ്ങോട്ട് വേണ്ട. ഇത് മത്സ്യത്തൊഴിലാളികളാണ്. പിണറായി വിജയനെ തകർത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും സമരം വിജയിപ്പിച്ചിട്ടേ അടങ്ങൂ'; തിയോഡേഷ്യസ് പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു വൈദികന്റെ പ്രതികരണം.
ലത്തീൻ സഭ നടത്തുന്ന സമരത്തെ തള്ളിയ മുഖ്യമന്ത്രി മുൻകൂട്ടി തയ്യാറാക്കിയ സമരമാണ് വിഴിഞ്ഞത്തേതെന്നും ആരോപിച്ചിരുന്നു. സമരത്തിന് പിന്നിൽ പുറമെ നിന്നുള്ളവരുടെ പങ്കാളിത്തമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുറമുഖ നിർമാണ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.നിർമാണം നിർത്തിവയ്ക്കേണ്ടി വന്നാൽ സംസ്ഥാനം കനത്ത വില നൽകേണ്ടി വരുമെന്ന് തുറമുഖ മന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു.
തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തി പാരിസ്ഥിതിക ആഘാതം വിലയിരുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ നാലാംഘട്ട സമരം കൂടുതൽ ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും തീരുമാനം.