കോവിഡ് രോഗിയെ രക്ഷിക്കാൻ സമയോചിതമായ ഇടപെടൽ; അശ്വിനും രേഖക്കും പറയാൻ ഉള്ളത്...
'ഒരുപക്ഷേ പി.പി.ഇ കിറ്റ് ഇല്ലായിരുന്നെങ്കിൽ പോലും ഇങ്ങനൊരാവസരത്തിൽ ഇടപെട്ടേനെ'
പുന്നപ്രയിലെ ഒരു സി.എഫ്.എൽ.ടി.സിയിൽ പതിവ് പോലെ ഭക്ഷണ വിതരണത്തിന് പോയതാണ് ഡി. വൈ. എഫ്. ഐ പ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയും. പക്ഷേ അതിനുമപ്പുറം സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചാണ് ഇരുവരും ഇന്ന് വാർത്തകളിൽ ഇടംപിടിക്കുന്നത്.
ഭക്ഷണം വിതരണം ചെയ്യാൻ എത്തിയിടത്തെ കോവിഡ് രോഗിയുടെ നില ഗുരുതരമാണെന്ന് മനസിലാക്കിയ ഇരുവരും ചേർന്ന് രോഗിയെയും കൊണ്ട് ബൈക്കിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ആംബുലൻസ് എത്താൻ കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കിയതോടെയാണ് ഇരുവരും ശ്വാസത്തിനായി പിടയുന്ന രോഗിയുമായി കാത്തിരിക്കാൻ തയ്യാറാകാതെ ബൈക്കിൽ കുതിച്ചത്.
ഒട്ടും സമയം കളയാനില്ലെന്ന് മനസിലാക്കിയ അനന്തുവും രേഖയും പി പി ഇ കിറ്റ് ധരിച്ച് ബൈക്കിൽ കയറി.അവർക്ക് ഇടയിൽ ആ രോഗിയെ ഇരുത്തി അതിവേഗം ബൈക്കുമായി ആശുപത്രിയിലേക്ക് പാഞ്ഞു . കോവിഡ് രോഗികളെ പാർപ്പിക്കുന്ന പുന്നപ്രയിലെ പോളിടെക്നിക് ഹോസ്റ്റലിലാണ് സംഭവം. ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം രംഗത്തു വന്നു.
എന്നാൽ പല കോണുകളിൽ നിന്നും ഇവരുടെ പ്രവർത്തിയെ വിമർശിച്ചും ആളുകൾ രംഗത്തു വരുന്നുണ്ട്. എന്നാൽ ഇതിനെല്ലാം മറുപടിയായി അവർക്ക് പറയാൻ ഉള്ളത്, ഒരു ജീവൻ രക്ഷിച്ചതിന്റെ നിർവൃതിയെക്കുറിച്ചാണ്. ആംബുലൻസ് എത്താൻ വൈകിയത് മറ്റ് കോവിഡ് രോഗികളുമായി ഓട്ടത്തിൽ ആയിരുന്നത് കൊണ്ടാണെന്നും ഇരുവരും വ്യക്തമാക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഏറ്റവും പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യം നടപ്പിലാക്കാനാണ് ശ്രമിച്ചത്. ഒരുപക്ഷേ പി.പി.ഇ കിറ്റ് ഇല്ലായിരുന്നെങ്കിൽ പോലും ഇങ്ങനൊരാവസരത്തിൽ ഇടപെട്ടേനെയെന്നും ഇന്നത്തെ ദിവസത്തെ ഹീറോസ് ആയ ആശ്വിനും രേഖയും പറയുന്നു.