ഹൈടെക് കോപ്പിയടി: വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കി
പിടിയിലായ ഹരിയാനക്കാർ ആൾമാറാട്ടം നടത്തിയാണ് പരീക്ഷക്കെത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്ന വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കി. ടെക്‌നീഷ്യൻ, ഡ്രാഫ്റ്റ്‌സ്മാൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിലേക്ക് ഞായറാഴ്ച നടന്ന പരീക്ഷ റദ്ദാക്കിയതായി വി.എസ്.എസ്.സി അറിയിച്ചു. പുതിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിടിയിലായ ഹരിയാനക്കാർ ആൾമാറാട്ടം നടത്തിയാണ് പരീക്ഷക്കെത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയെഴുതിയത്. ഇത്രയധികം പേർ കൂട്ടത്തോടെ പരിയാനയിൽനിന്ന് തിരുവനന്തപുരത്തെത്തി പരീക്ഷയെഴുതിയതിൽ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
വി.എസ്.എസ്.സിയിൽ ജോലിക്ക് അപേക്ഷ നൽകിയ സുനിൽ കുമാർ, സുമിത്ത് എന്നിവരുടെ പേരിൽ പരീക്ഷ എഴുതിയത് ഗൗതം ചൗഹാൻ, മനോജ് കുമാർ എന്നിവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈടെക് പരീക്ഷാ തട്ടിപ്പിന് പുറമെ ആൾമാറാട്ടവും വ്യക്തമായ സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.