'ക്ഷണിക്കുന്നത് മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി'; യെച്ചൂരിയെ പരിഹസിച്ച് വി.ടി ബൽറാം
സത്യപ്രതിജ്ഞാ ചടങ്ങിൽ സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനും ഒപ്പം യെച്ചൂരി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് പരിഹാസം.
പാലക്കാട്: കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. സത്യപ്രതിജ്ഞാ ചടങ്ങിൽ സിദ്ധരാമയ്യക്കും ഡി.കെ ശിവകുമാറിനും ഒപ്പം യെച്ചൂരി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് പരിഹാസം.
ക്ഷണിക്കുക എന്നത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം അനിവാര്യമായ ഘട്ടത്തിൽ വി.ടി ബൽറാമിന്റെ പോസ്റ്റിനെതിരെ വിമർശനം ഉയരുന്നുണ്ട്.
കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ കക്ഷി നേതാക്കളെയെല്ലാം ക്ഷണിച്ചിരുന്നു. സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.