"ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണം, സിപിഎം ജനങ്ങളോട് മാപ്പ് പറയണം"; പ്രിയാ വർഗീസിനെതിരായ വിധിയിൽ വി.ടി ബൽറാം

കെ.കെ രാഗേഷിനെ പുറത്താക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു

Update: 2022-11-17 11:23 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം.  വലിയൊരു ജോലി തട്ടിപ്പ് കോടതിയുടെ ഇടപെടലിലൂടെ തടഞ്ഞിരിക്കുന്നു സിപിഎം നേതാക്കളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് നിരവധി ജോലി തട്ടിപ്പുകളാണ് നടന്നുവരുന്നത്.

മതിയായ യോഗ്യതയില്ല എന്ന കാര്യം കണ്ടുപിടിക്കാൻ കഴിഞ്ഞതുകൊണ്ടാണ് നിയമപരമായ ഇടപെടൽ ഉണ്ടായത്. ഇതിൽ സ്‌ക്രൂട്ടിനി കമ്മിറ്റി അംഗങ്ങൾക്കും സർവകലാശാല വൈസ് ചാൻസലർ അടക്കമുള്ളവർക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. അതിനാൽ ഇവരെ പുറത്താക്കുകയോ റാങ്ക് ലിസ്റ്റ് റദ്ദാക്കുകയോ ചെയ്യുക മാത്രമല്ല അക്കാദിമിക ധാർമികതക്ക് എതിരായി പ്രവർത്തിച്ച പ്രിയ വർഗീസിനെ അവർ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നടക്കം പുറത്താക്കുകയും വേണമെന്ന് ബൽറാം മീഡിയ വണ്ണിനോട് പറഞ്ഞു.

പൊതുജനങ്ങളോട് അൽപമെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയെ സ്വജനപക്ഷപാതത്തിന്റെ പേരിൽ പുറത്താക്കാൻ തയ്യാറാകണമെന്നും ബൽറാം പറഞ്ഞു. അർഹതയുള്ളവരെ വഞ്ചിച്ച് പാർട്ടി നോമിനിയെ തെരഞ്ഞെടുത്ത സ്ക്രൂട്ടിനി കമ്മിറ്റി അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. പുറത്തു പോവാനിരിക്കുന്ന കണ്ണൂർ വി സി അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇതോടെ രാജിവയ്ക്കണം. സിപിഎം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News