ഐ.എന്‍.എല്‍ പിളര്‍പ്പ്; മന്ത്രി ആരുടെകൂടെയാണെന്ന് വ്യക്തമാക്കണമെന്ന് അബ്ദുൽ വഹാബ്
"പാർട്ടിയുടെ സംസ്ഥാന കൗൺസില്‍ യോഗത്തിലേക്ക് മന്ത്രിയെ ക്ഷണിക്കുകയും നിലപാട് ആവശ്യപ്പെടുകയും ചെയ്യും"
പാർട്ടി പിളർന്നാൽ മന്ത്രിസ്ഥാനം തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പ് സി.പി.എം നൽകിയിരുന്നുവെന്ന് എ.പി അബ്ദുൽ വഹാബ്. പിളർപ്പിന് മുമ്പ് എ.കെ.ജി സെന്ററിൽ വെച്ച് നടന്ന ചർച്ചയിലാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്.
മന്ത്രി സ്ഥാനത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് നേതൃത്വമാണ്. താൻ ആർക്കൊപ്പമാണെന്ന് അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കണമെന്നും അബ്ദുൽ വഹാബ് മീഡിയവണിനോട് പറഞ്ഞു.
മന്ത്രി സ്ഥാനമെന്നുള്ളത് മുന്നണിക്ക് അവമതിപ്പുണ്ടാക്കാനുള്ള ഉപാധിയായി മാറരുത് എന്ന് നേരത്തെ ഇടതുപക്ഷം സൂചിപ്പിച്ചിരുന്നു. മന്ത്രി എന്നത് സർക്കാർ സംവിധാനത്തിലെ സുപ്രധാന സ്ഥാനമാണ്. അതിനാലാണ് മന്ത്രി അഹമ്മദ് ദേവർകോവിലിന് കാര്യങ്ങൾ വ്യക്തമാക്കാൻ സാവകാശം നൽകുന്നതെന്നും വഹാബ് പറഞ്ഞു.
ഏതു പക്ഷത്താണെന്ന് മന്ത്രിയെന്നുള്ളത് വ്യക്താക്കണം. ആഗസ്റ്റ് മൂന്നാം തിയ്യതി ചേരുന്ന പാർട്ടിയുടെ സംസ്ഥാന കൗൺസിലേക്ക് മന്ത്രിയെ ക്ഷണിക്കുകയും നിലപാട് ആവശ്യപ്പെടുകയും ചെയ്യും. അദ്ദേഹത്തിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും തിരിച്ചുള്ള പ്രതികരണമെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.