വഖഫ് ഭേദഗതി ബിൽ വഖഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നത്: കേരള മുസ്‌ലിം ജമാഅത്ത്
റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമേ സ്വത്തുക്കള്‍ വഖ്ഫിലേക്ക് മാറ്റാനാകൂ എന്ന നിര്‍ദേശവും സംശയാസ്പദമാണ്
കോഴിക്കോട്: വഖഫ് എന്ന ഇസ്‌ലാമിക ആശയത്തെ റദ്ദ് ചെയ്യുന്നതും ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
ഫലത്തില്‍ വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കാബിനറ്റ് യോഗം ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡിന്റെ അന്തസ്സത്ത തകര്‍ക്കുന്നതടക്കമുള്ള നാല്‍പ്പതിലധികം ഭേദഗതികള്‍ പാര്‍ലമെന്റില്‍ വിതരണം ചെയ്ത ബില്ലിന്റെ പകര്‍പ്പിലുണ്ട്. വഖഫ് കൗണ്‍സിലിന്റെയും വഖഫ് ബോര്‍ഡിന്റെയും അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. ഇതുകൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നത് എന്ന് വിശദീകരിക്കണം.
വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന്റെ നിയന്ത്രണം ഉറപ്പ് വരുത്തുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നിലവില്‍ വഖഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമായി നടന്നുകൊണ്ടിരിക്കുന്നു എന്നിരിക്കെ നിയന്ത്രണമല്ല, അമിതാധികാരമാണ് ഉന്നമിടുന്നതെന്ന് സംശയക്കണം. സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും നടത്തിപ്പിനുമുള്ള പൂര്‍ണാധികാരവും വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന വഖഫ് നിയമത്തിലാണ് കാര്യമായി ഭേദഗതി കൊണ്ടു വരുന്നത്.
റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ എന്ന നിര്‍ദേശവും സംശയാസ്പദമാണ്. വഖഫ് ചെയ്യുന്ന വേളയില്‍ അനാവശ്യ തടസ്സങ്ങള്‍ ഇതുലൂടെ സൃഷ്ടിക്കപ്പെടും. മുസ്‌ലിംകളുടെ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടു നിലനില്‍ക്കുന്ന വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരായ രണ്ടുപേര്‍ വേണമെന്ന് ശഠിക്കുന്നതിന്റെ സാധുതയും വ്യക്തമല്ല.
ബില്‍ പാസാകുന്നതോടെ വഖഫ് സ്വത്തുക്കള്‍ വളരെ എളുപ്പത്തില്‍ കയേറ്റക്കാര്‍ക്ക് സ്വന്തമാക്കാനാകും. ഇപ്പോള്‍ തന്നെ വലിയ നിലയില്‍ കൈയേറ്റം നടക്കുന്ന വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ ഇത് പേടിപ്പെടുത്തുന്നതാണ്.
തര്‍ക്കഭൂമികള്‍ എന്ന പേരിലുള്ള വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാറിന് പുതുതായി പരിശോധന നടത്താനുള്ള അവകാശം ഭേദഗതി ബില്‍ നല്‍കുന്നുണ്ട്. ഇതോടെ 'തര്‍ക്ക സ്വത്തുക്കളി'ല്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. രാജ്യത്തിന്റെ പല ഭാഗത്തും മുസ്‌ലിം ആരാധനാലയങ്ങളും വഖ്ഫ് സ്വത്തുക്കളും 'തര്‍ക്കഭൂമി'കളാക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുമ്പോള്‍ ഈ നീക്കം ദുരൂഹമാണ്.
മുസ്‌ലിം പണ്ഡിത നേതൃത്വവുമായും സംഘടനകളുമായും ചര്‍ച്ച ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ മാനിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, എം.എൻ. കുഞ്ഞി മുഹമ്മദ് ഹാജി, എൻ. അലി അബ്ദുല്ല, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി ,സി.പി. സൈതലവി, മജീദ് കക്കാട്, എ.സൈഫുദ്ധീൻ ഹാജി , സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ കോഡൂർ എന്നിവർ സംബന്ധിച്ചു.