സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും പി.ജി ഡോക്ടർമാരും തമ്മിൽ വാക്പോര്

സമരം ചെയ്യുന്നവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ നിർദേശിച്ചിട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണം പച്ചക്കള്ളമാണെന്ന് ഡോക്ടർമാർ

Update: 2021-12-10 08:16 GMT
Advertising

സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും പി.ജി ഡോക്ടർമാരും തമ്മിൽ വാക്പോര്. ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതാണെന്ന ആരോഗ്യമന്ത്രിയുടെ വാദം സമരക്കാർ തള്ളി. സമരം ചെയ്യുന്നവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ നിർദേശിച്ചിട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണം പച്ചക്കള്ളമാണെന്നും ഡോക്ടർമാർ പറഞ്ഞു.

അത്യാഹിത വിഭാഗത്തിലെ സേവനമടക്കം ബഹിഷ്കരിച്ചാണ് പി.ജി ഡോക്ടർമാരുടെ സമരം. ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക തുടങ്ങിയവ ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടര്‍മാരുടെ സമരം. ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നെങ്കിലും ഉത്തരവില്‍ അവ്യക്തത ഉണ്ടെന്നാണ് പി.ജി ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം ഡോക്ടര്‍മാരുടെ സമരം വലച്ചതോടെ പ്രതിഷേധവുമായി രോഗികള്‍ രംഗത്തെത്തി. ഇന്നലെ തൃശൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ പിജി ഡോക്ടര്‍മാരെ ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിനെതിരെ കോഴിക്കോടെയും തിരുവനന്തപുരത്തെയും ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. പി.ജി ഡോക്ട‍ര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും ഡോക്ടര്‍മാരോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News