രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിലെ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂട് പിടിപ്പിക്കുന്നു
സിപിഎമ്മും ബി.ജെ.പിയും ഒരുപോലെ രാഹുല്‍ ഗാന്ധിയെ ശത്രുവായി കണക്കാക്കുന്നുവെന്ന വിമര്‍ശനവും വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ കടുത്ത പരാമര്‍ശത്തെ ചൊല്ലിയുള്ള വാക്പോര് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂട് പിടിപ്പിച്ചു.
രാഹുൽ ഗാന്ധിക്ക് പിന്നാലെ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. നാഷണല്‍ ഹെറാൾഡ് കള്ളപ്പണക്കേസിൽ എന്തുകൊണ്ട് അറസ്റ്റില്ലെന്ന് രാഹുൽ ഗാന്ധി സ്വയം ചോദിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
പിണറായിയെ ജയിലിലടക്കാന്‍ കേന്ദ്രം മടിക്കുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രതിപക്ഷം ആയുധമാക്കി. രാഹുലിനെ ഇത്തരത്തില്‍ പരിഹസിക്കുന്നത് ബി.ജെ.പിയാണെന്ന വാദമാണ് കോണ്‍ഗ്രസ് മറുപടിയായി ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് രംഗത്ത് സിപിഎമ്മും ബി.ജെ.പിയും ഒരുപോലെ രാഹുല്‍ ഗാന്ധിയെ ശത്രുവായി കണക്കാക്കുന്നുവെന്ന വിമര്‍ശനവും വോട്ടര്‍മാര്‍ക്കിടയിലേക്ക് എത്തിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചു.
മുഖ്യമന്ത്രി ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധിയും ആരോപിച്ചു. മറുഭാഗത്ത് രാഹുലിനെതിരായ വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയെ പിന്തുണച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കൂടി രംഗത്തെത്തിയതോടെ വിഷയത്തിൽ വാക് പോര് തുടരുകയാണ്.