അയൽക്കാരെ നിരീക്ഷിക്കണമെന്ന് പൊലീസ്; 'നിരീക്ഷണം' ചാരപ്പണിയെന്ന് വിമർശനം

'അയൽവാസി അപകടകാരിയും ആയേക്കാം, അതുകൊണ്ട് അവരെ എപ്പോഴും നിരീക്ഷിക്കണം' ഇതാണ് പൊലീസിന്റെ നിർദേശം

Update: 2022-11-07 01:36 GMT
Advertising

കൊച്ചി: അയൽക്കാരനെ നിരീക്ഷിക്കാൻ നിർദേശിക്കുന്ന പൊലീസിന്റെ പദ്ധതി സാമൂഹ്യ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്ക. ജനങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാകാൻ പദ്ധതി കാരണമാകുമെന്ന അഭിപ്രായമാണ് ഉയരുന്നത്. കൊച്ചിയിൽ റസിഡൻസ് അസോസിയേഷനുകളുടെയ യോഗം വിളിച്ചാണ് വാച്ച് യുവർ നൈബർ എന്ന പദ്ധതി ഡിജിപി വിശദീകരിച്ചത്. 'അയൽവാസി അപകടകാരിയും ആയേക്കാം, അതുകൊണ്ട് അവരെ എപ്പോഴും നിരീക്ഷിക്കണം' ഇതാണ് പൊലീസിന്റെ നിർദേശം.

അയൽവാസിയെ നിരീക്ഷിക്കുക എന്ന തലക്കെട്ടിലെ അപകടം പദ്ധതിയെ പിന്തുണക്കുന്ന അജിത്കുമാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. വംശീയവും ലിംഗപരവുമായ മുൻവിധികൾ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് അയൽക്കാരനെ നിരീക്ഷിക്കാൻ പൊലീസ് പറയുന്നത്.

അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിനാണ് സെ ഹലോ ടു യുവർ നെയ്ബർ. നഗരങ്ങളിലെ അപ്പാർട്ട്‌മെൻറ് സമുച്ചയങ്ങളിൽ തൊട്ടയൽവക്കത്തെ താമസക്കാർ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

എന്താണ് 'വാച്ച് യുവർ നെയ്ബർ' പദ്ധതി

സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വർധിപ്പിച്ച് അയൽപ്പക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. ഫ്‌ലാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ അയൽക്കാർ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും.

അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയൽവാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വർധിക്കുമെന്നും പൊലീസ് അവകാശപ്പെടുന്നു.

അപ്പാർട്ട്‌മെൻറ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാർക്കുകളിലെ സന്ദർശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പൊലീസിൻറെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും പൊലീസ് മീഡിയ സെന്റർ അറിയിച്ചു.

അതേസമയം ഇതിന്റെ സാമൂഹ്യ പ്രത്യാഘാതം എന്താകുമെന്ന് സർക്കാരും പൊലീസും പഠിച്ചില്ലെന്ന് മാത്രമല്ല പരിഗണിക്കുക പോലും ചെയ്തിട്ടില്ല. അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്നാണ് പരക്കെ ഉയർന്ന വിമർശനം. പദ്ധതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം തന്നെ ശക്തമായ വിമർശനവും പരിഹാസവും ഉയർന്നിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News