വയനാട് ദുരന്തം: സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സർക്കാർ, ഓഗസ്റ്റ് 6ന് പ്രത്യേക യോ​ഗം

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വയനാട് സന്ദർശിക്കും

Update: 2024-08-03 12:23 GMT
Advertising

കല്പറ്റ: വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഓഗസ്റ്റ് ആറിന് വയനാട് സന്ദർശിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് സന്ദർശനം. മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വയനാട്ടിൽ യോഗം ചേരും. കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ ഓഗസ്റ്റ് 6 ന് രാവിലെ 10 മണിക്കാണ് യോഗം.

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള വിവിധ ഉദ്യോഗസ്ഥരും, തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികളും, സ്കൂൾ അധികൃതരും, പിടിഎ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. എത്രയുംവേ​ഗം ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മപദ്ധതി യോഗം ചർച്ചചെയ്യും. മനഃശാസ്ത്രപരമായ പിന്തുണ, താത്കാലിക പഠന ഇടങ്ങൾ, സാമഗ്രികളുടെ വിതരണം, ഓൺലൈൻ പഠന സാധ്യതകൾ,ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയ കാര്യങ്ങളും യോഗം പരിഗണിക്കും.

യോഗത്തിനു മുന്നോടിയായി പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വി. ശിവൻകുട്ടി ഓൺലൈനിൽ വിളിച്ചുചേർത്തു. കൽപ്പറ്റയിൽ വച്ച് നടക്കുന്ന യോഗത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News