'ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ല'; മൈക്ക് ഓപ്പറേറ്റർമാരുടെ പ്രതിഷേധത്തിൽ എം.വി ഗോവിന്ദൻ
ശകാരിച്ചതിൽ മൈക്ക് ഓപ്പറേറ്റർക്ക് അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും എം.വി ഗോവിന്ദൻ
എറണാകുളം: മൈക്ക് ഓപ്പറേറ്റർമാരുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''പൊതുയോഗത്തിൽ സ്റ്റേജിൽ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക?, രഹസ്യം പറഞ്ഞാലാണ് അപകടം, ഇത് ജനങ്ങളെല്ലാം കേട്ടത്‌കൊണ്ട് യാതൊരു പ്രശ്‌നവുമില്ല, അയാൾക്കതിൽ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല, പിന്നെ നിങ്ങളെല്ലാം ചേർന്ന് ജാഥയ്‌ക്കെതിരായി വാർത്ത വരണമല്ലോ?, മൈക്ക് സെറ്റ്കാരനെയെങ്കിലും പിടിച്ചേക്കാം എന്ന് വിചാരിച്ച് ഉൽപ്പാദിപ്പിച്ച വാർത്തയാണത്''- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ മാളയിൽ ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ, എം.വി.ഗോവിന്ദൻ മൈക്ക് ഓപ്പറേറെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രൊപ്രൈറ്റേഴ്‌സ് ഗിൽഡ് രംഗത്തെത്തിയിരുന്നു. പ്രസംഗം മോശമാക്കണമെങ്കിൽ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാക്കാനും സാധിക്കും. നന്നാക്കാനാണ് ഓപ്പറേറ്റർ ശ്രമിച്ചത്. അതിന്റെ പേരിലാണ് ശകാരം കേൾക്കേണ്ടി വന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓപ്പറേറ്ററോട് സ്വകാര്യമായി പറയുന്നതായിരുന്നു ശരി. അത്രയും വലിയ സദസിന് മുന്നിൽവെച്ച് അപമാനിച്ചത് വേദനാജനകമാണ്. പരസ്യമായി അപമാനിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നുമാണ് ഓപ്പറേറ്റർ പറഞ്ഞതെന്നും ഭാരവാഹികൾ അറിയിച്ചു. മൈക്കിനോട് ചേർന്നുനിന്നു സംസാരിക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എം.വി.ഗോവിന്ദൻ യുവാവിനെ പരസ്യമായി ശാസിച്ചത്. 'നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി' എന്നു േചാദിച്ച ഗോവിന്ദൻ, മൈക്ക് ഓപ്പറേറ്ററെ വേദിയിൽ നിന്ന് ഇറക്കിവിട്ടിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ക്ലാസെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.