'ജെയ്ക്കിന്റെ കുടുംബത്തിന്റെ വോട്ട് പോലും ഞങ്ങൾക്ക് കിട്ടി'; കെ.സുധാകരൻ
ബി.ജെ.പി വോട്ട് കിട്ടിയിട്ടുണ്ട്. അത് തന്നതല്ല, ഞങ്ങൾ പിടിച്ചുവാങ്ങിയതാണെന്നും സുധാകരൻ
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ വോട്ടുപോലും യു.ഡി.എഫിന് കിട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. 'ജെയ്ക്കിന്റെ പഞ്ചായാത്തിലും ബൂത്തിലും അദ്ദേഹത്തിന് ഭൂരിപക്ഷം കിട്ടണം. കിട്ടിയതില്ല.സാധാരണ കിട്ടുന്ന വോട്ടുപോലും ജെയ്ക്കിന് ലഭിച്ചില്ല. കുടുംബ വോട്ട് പോലും ഞങ്ങൾക്ക് കിട്ടി'... സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
'പുതുപ്പള്ളിയിലെ വിജയം ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിനോടുള്ള പ്രതികാരമാണ് ഈ വിജയം. ഭരിച്ച് ഭരിച്ച് കൊച്ചു കേരളം തകർന്ന് തരിപ്പമാക്കി. പിണറായി വിജയന്റെ ധിക്കാരത്തിനും കൊള്ളക്കും കുടുംബാധിപത്യത്തിനും എതിരെയുള്ള അടിയാണ് ഇത്. പുതുപ്പള്ളിക്കാർ കാണിച്ച സ്‌നേഹത്തിന് അവരെ അഭിനന്ദിക്കുന്നു. ഉമ്മൻചാണ്ടിയെന്ന മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ സ്വാധീനം കേരള രാഷ്ട്രീയത്തിലുണ്ടാകും. അതുകൊണ്ട് പുതുപ്പള്ളിയിലെ വിജയത്തിന് സഹതാപതരംഗം മാത്രമല്ല നിർണായകമായത്.'.. സുധാകരന്‍ പറഞ്ഞു.
ബി.ജെ.പി വോട്ട് കിട്ടിയിട്ടുണ്ട്. അത് തന്നതല്ല, ഞങ്ങൾ പിടിച്ചുവാങ്ങിയതാണെന്നും ബി.ജെ.പിയുടെ വോട്ട് കിട്ടിയെന്ന എം.വി.ഗോവിന്ദൻ്റെ പ്രസ്താവനക്ക് മറുപടിയായി സുധാകരന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ വോട്ട് എവിടെപ്പോയി. ഇടതുപക്ഷത്തിന്റെ പാർട്ടി വോട്ടുപോലും നമുക്ക് ലഭിച്ചു. ഇല്ലെങ്കിൽ ചാണ്ടി ഉമ്മന് ഇത്രയും വോട്ട് കിട്ടില്ല. ഈ വിജയം യു.ഡി.എഫിന് വന്ന കരുത്ത് മാത്രമല്ല,ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണ്.'.. സുധാകരന്‍ പറഞ്ഞു.