'ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണം, പെൺകുട്ടികൾ ലീഗിന്‍റെ ചട്ടക്കൂടിൽ പ്രവർത്തിക്കണം'; നൂര്‍ബിന റഷീദ്
ഹരിതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനിതാ ലീഗുമായി ചർച്ച നടത്തിയിട്ടില്ല. പാർട്ടിക്ക് പരാതി നൽകാൻ വൈകിയത് എന്തിനാണെന്നും ഹരിതയുടെ പരാതി കണ്ടിട്ടില്ലെന്നും നൂർബിന റഷീദ്
ഹരിതയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതികരണവുമായി വനിതാ ലീഗ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരായ ഹരിതയുടെ പരാതി വനിതാ ലീഗിന് ലഭിച്ചില്ലെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ പ്രശ്നങ്ങൾ അറിഞ്ഞത്. ഹരിതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വനിതാ ലീഗുമായി ചർച്ച നടത്തിയിട്ടില്ല. പാർട്ടിക്ക് പരാതി നൽകാൻ വൈകിയത് എന്തിനാണെന്നും ഹരിതയുടെ പരാതി കണ്ടിട്ടില്ലെന്നും നൂർബിന റഷീദ് പറഞ്ഞു. ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെൺകുട്ടികൾ ലീഗിന്‍റെ ചട്ടക്കൂടിൽ പ്രവർത്തിക്കണമെന്നും നൂർബീന റഷീദ് വ്യക്തമാക്കി.
അന്വേഷണ സംഘത്തിൽ വനിതാ പ്രതിനിധികളെ ഉൾപ്പെടുത്താത്തത് പാർട്ടി തീരുമാനമാണ്. മുസ്‍ലിം ലീഗ് ന്യൂനപക്ഷത്തിന്‍റെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന പാർട്ടിയാണ്. പാർട്ടിയെടുത്ത തീരുമാനമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും നൂര്‍ബിന വ്യക്തമാക്കി. പാർട്ടി തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണ്. ഒരു സ്ത്രീക്കെതിരെയും ലൈംഗിക അധിക്ഷേപം നടത്തരുത്. ഹരിതാ പ്രവര്‍ത്തകര്‍ പാർട്ടിക്ക് പരാതി കൊടുക്കാൻ പോലും വൈകി. മുതിര്‍ന്ന വനിതകളോടെങ്കിലും പങ്കുവെക്കേണ്ടതായിരുന്നു. തൊണ്ണൂറുകളിലാണ് ലീഗിന്‍റെ ഒരു പോഷക സംഘടനയുണ്ടാക്കി ഇതിനെ വളര്‍ത്തികൊണ്ടുവരുന്നത്. ഒരു സുപ്രഭാതത്തില്‍ ഒരു മാറ്റവുമുണ്ടാക്കി കൊണ്ടുവരാന്‍ സാധിക്കില്ല. ഓരോ പാര്‍ട്ടിക്കും അതിന്‍റെതായ ആശയങ്ങളുണ്ട് നടപടി ക്രമങ്ങളുണ്ട്. അതിന്‍റെ പോളിസിയുണ്ട് അതിലൂടെ സഞ്ചരിച്ചാണ് ഞങ്ങളൊക്കെ സംഘടനയുണ്ടാക്കി കൊണ്ടുവന്നത്- നൂര്‍ബിന പറഞ്ഞു.
വനിത കമ്മീഷൻ സി.പി.എമ്മിന്‍റെ പോഷക സംഘടനയെപ്പോലെ പെരുമാറിയതായും പാലത്തായി കേസിലും വാളയാര്‍ കേസിലും വണ്ടിപ്പെരിയാര്‍ കേസിലും നമ്മുടെ പെണ്‍കുട്ടികള്‍ തന്നെയാണ് പരാതി പറഞ്ഞതെന്നും നൂര്‍ബിന ചൂണ്ടിക്കാട്ടി. ലീഗിന്‍റെ ഫോറത്തില്‍ നിന്നും നീതി ലഭിച്ചോയെന്ന് അറിയില്ല. പരാതി ലഭിച്ചപ്പോള്‍ ലീഗ് ഒരു ഉപസമിതിയെ വെച്ചു. ആ ഉപസമിതി പരാതിക്കാരെയും ആരോപണ വിധേയരെയും ഇരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വനിതാ ലീഗിനോടെങ്കിലും അവര്‍ക്ക് ചോദിക്കാമായിരുന്നു. വ്യക്തികളല്ല സംഘടനയാണ് പ്രധാനം. ലീഗിനെ അക്രമിക്കാൻ നിൽക്കുന്നവർ ഒരുപാടുണ്ട്. ക്യാംപസ് കഴിഞ്ഞാൽ വനിത ലീഗിലാണ് ഇവര്‍ പ്രവർത്തിക്കുന്നത്. മറ്റ് വിദ്യാർത്ഥി സംഘടനകൾക്കൊന്നും ഇങ്ങനെയൊരു വനിത വിഭാഗം ഇല്ല- നൂര്‍ബിന മാധ്യമങ്ങളോട് പറഞ്ഞു.