കാക്കി പാന്റ് ധരിച്ച് സ്റ്റേഷന് സമീപം നിൽക്കും; മാസ്‌കിനും ഹെൽമെറ്റിനും പിഴ- പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
പരുമല-പുളിക്കീഴ് മേഖലകള് കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
പത്തനംതിട്ട തിരുവല്ലയിൽ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി അനീഷ് പിബിയാണ് അറസ്റ്റിലായത്. പരുമല-പുളിക്കീഴ് മേഖലകള് കേന്ദ്രീകരിച്ച് വാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
കാക്കി പാന്റും കറുത്ത ഷൂസും ധരിച്ച് സ്റ്റേഷന് സമീപത്ത് തമ്പടിച്ചിരുന്ന അനീഷ് വഴിയാത്രക്കാരെയും വാഹനയാത്രികരെയുമാണ് പ്രധാനമായും ഉന്നമിട്ടത്. മാസ്‌ക് ധരിക്കാത്തവരെയും ഹെൽമെറ്റ് വയ്ക്കാത്തവരെയും മദ്യപിച്ച് എത്തുന്നവരെയും പിന്തുടർന്ന് എത്തി പണവും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്നതായിരുന്നു ഇയാളുടെ രീതി.
തട്ടിപ്പിനിരയായ മൂന്ന് പേർ ഇതിനോടകം അനീഷിനെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുളിക്കീഴ് കേന്ദ്രീകരിച്ച് നിലയുറപ്പിച്ച മഫ്തി സംഘം ഇന്നലെയാണ് ഇയാളെ വലയിലാക്കിയത്.