മാമുക്കോയ ചിരിപ്പിച്ച ഹാസ്യങ്ങളുടെ പേരിലും കൃത്യമായ രാഷ്ട്രീയ നിലപാട് കൊണ്ടും അനശ്വരനായ നടൻ: റസാഖ് പാലേരി
എപ്പോഴും അടുത്തിരുന്നു കളിയും കാര്യവും പറയാൻ മാത്രം ഏതൊരു മലയാളിക്കും അടുപ്പം തോന്നുന്ന കാരണവരെയാണ് നഷ്ടപ്പെട്ടതെന്ന് റസാഖ് പാലേരി അനുസ്മരിച്ചു.
തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് മാമുക്കോയയുടെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി അനുശോചിച്ചു. മലയാളിയെ ചിരിപ്പിച്ച ഹാസ്യങ്ങളുടെ പേരിലും ഫാഷിസ്റ്റ് കാലത്തെ കൃത്യമായ രാഷ്ട്രീയ നിലപാട് കൊണ്ടും അനശ്വരനായ നടനാണ് മാമുക്കോയയെന്ന് അദ്ദേഹം അനുസ്മരിച്ചു. മാമുക്കോയയുടെ പെട്ടെന്നുള്ള വിയോഗം തീർത്തും അപ്രതീക്ഷിതമായിരുന്നു. എപ്പോഴും അടുത്തിരുന്നു കളിയും കാര്യവും പറയാൻ മാത്രം ഏതൊരു മലയാളിക്കും അടുപ്പം തോന്നുന്ന കാരണവരെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
മലയാള സിനിമാ ലോകത്ത് കോഴിക്കോടൻ തമാശകൾ എന്ന് പേരിട്ട് വിളിക്കാൻ മാത്രം തനതായ നർമങ്ങളും നുറുങ്ങുകളും അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. ഉരുളക്കുപ്പേരി പോലുള്ള വർത്തമാനങ്ങളിലൂടെ, ചിലപ്പോൾ സവിശേഷമായ ആ നടത്തത്തിലൂടെ, മറ്റു ചിലപ്പോൾ നോട്ടത്തിലൂടെ, മാമുക്കോയക്ക് മാത്രം സ്വന്തമായ ആ ചിരിയിലൂടെ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അദ്ദേഹം പ്രിയപ്പെട്ട മാമുക്കോയ ആയി മാറി. തമാശകൾക്കപ്പുറം ഗൗരവപ്പെട്ട രാഷ്ട്രീയവും അദ്ദേഹം സംസാരിച്ചു. അടുത്ത കാലങ്ങളിൽ പുറത്തിറങ്ങിയ അഭിമുഖങ്ങളിലും അദ്ദേഹം മുഖ്യ കഥാപാത്രമായി വന്ന മ്യൂസിക് ആൽബങ്ങളിലും ആ രാഷ്ട്രീയ വ്യതിരിക്തത വ്യക്തമായിരുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.