'ഒന്നിപ്പ്' യാത്ര: വർക്കല ശിവഗിരി മഠം സന്ദർശിച്ച് വെൽഫെയർ പാർട്ടി സംഘം

ശ്രീനാരായണ ഗുരുവിന്‍റെയും വക്കം അബ്ദുൽ ഖാദർ മൗലവിയുടെയും നവോത്ഥാന ശ്രമങ്ങൾക്ക് തുടർച്ചയുണ്ടാകണമെന്ന് റസാഖ്‌ പാലേരി പറഞ്ഞു

Update: 2023-09-03 16:31 GMT
Editor : Shaheer | By : Web Desk

റസാഖ് പാലേരി ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാനന്ദയുമായി കൂടിക്കാഴ്ച നടത്തുന്നു

Advertising

വർക്കല: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി നയിക്കുന്ന 'ഒന്നിപ്പ്' പര്യടനത്തിന്‍റെ ഭാഗമായി വർക്കല ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാനന്ദ റസാഖ് പാലേരിയെയും സംഘത്തെയും സ്വീകരിച്ചു. മഠത്തിലെ വിവിധ കേന്ദ്രങ്ങൾ  സന്ദർശിക്കുകയും സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്‌ത റസാഖ് പാലേരി അരമണിക്കൂറിലേറെ മഠത്തിൽ ചെലവഴിച്ചു.

ശ്രീനാരായണഗുരുവിന്റെ മാനവികദർശനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജാതീയ മേധാവിത്വങ്ങൾക്കെതിരായ ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും സ്വാമി ശുഭാനന്ദയുമായി അദ്ദേഹം സംസാരിച്ചു. സവർണ ഫാഷിസത്തിന്റെ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയിൽ യാഥാർത്ഥ്യമാകേണ്ടതെന്ന് വെൽഫെയർ പാർട്ടി കരുതുന്നു. മഹാത്മ അയ്യൻകാളി, ശ്രീനാരായണഗുരു, വക്കം അബ്ദുൽ ഖാദർ തുടങ്ങിയവർ നയിച്ച കേരളീയ നവോത്ഥാനത്തിൽ പങ്കാളികളായ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങൾക്ക് ഇതിൽ സുപ്രധാനമായ പങ്കുവഹിക്കാൻ കഴിയുമെന്നും റസാഖ് പാലേരി പറഞ്ഞു.

മുസ്‍ലിംകള്‍, ദലിത്-ആദിവാസി വിഭാഗങ്ങൾ, ക്രൈസ്തവർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, മത്സ്യതൊഴിലാളി സമൂഹം തുടങ്ങി സവർണ്ണ വംശീയവാദികളല്ലാത്ത മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുന്ന, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിക്കു രൂപംനൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള പര്യടനമാണ് ഒന്നിപ്പിലൂടെ പാർട്ടി ലക്ഷ്യംവെക്കുന്നതെന്നും റസാഖ് പാലേരി അഭിപ്രായപ്പെട്ടു.

റസാഖ് പാലേരിയുടെ സന്ദർശനം സന്തോഷകരമായ അനുഭവമായിരുന്നുവെന്നും സ്വാമി ശുഭാനന്ദ പ്രതികരിച്ചു. സാമൂഹിക സഹവർത്തിത്വത്തിനും വിവിധ സമുദായങ്ങൾ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിർത്താൻ വേണ്ടിയുള്ള വെൽഫെയർ പാർട്ടിയുടെ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതി മുഖ്യപ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുമാണ് ഒന്നിപ്പുപര്യടനത്തിലൂടെ ശ്രമിക്കുന്നത്. വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോസഫ് ജോൺ, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് അഷ്റഫ് കല്ലറ, ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ജില്ലാ ട്രഷറർ എം.കെ ഷാജഹാൻ, എൻ.എം അൻസാരി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Summary: A team led by Welfare Party State President Razak Paleri visited Varkala Sivagiri Mutt as part of the 'Onnippu' trip

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News