മുതലപ്പൊഴിയിലെ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ വെൽഫെയർ പാർട്ടി സമര സംഗമം

ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരങ്ങൾ ഉണ്ടാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാ​ണെന്നും പാർട്ടി ആരോപിച്ചു

Update: 2024-06-20 12:20 GMT
Advertising

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ മരിച്ചു വീഴുന്നത് നിശബ്ദം നോക്കി നിൽക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നാളെ പെരുമാതുറയിൽ  സമര സംഗമം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അറിയിച്ചു.വൈകിട്ട് നാലിന് നടക്കുന്ന പ്രക്ഷോഭ സംഗമം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.

പ്രളയക്കാലത്ത് കേരളത്തിന്റെ സൈന്യം എന്ന് സർക്കാർ വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളിൽ 73 പേർ ഇതിനകം മുതലപ്പൊഴിയിൽ മരിച്ചു കഴിഞ്ഞു. ഇന്നു അഞ്ചുതെങ്ങ് സ്വദേശിയായ വിക്ടർ അപകടത്തിൽ മരണപ്പെട്ടു. ഇത്രയധികം ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരങ്ങൾ ഉണ്ടാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണ്. ദൈനംദിന ജീവിതത്തിന് മറ്റൊരു മാർഗ്ഗവുമില്ലാത്തത് കൊണ്ടാണ് ഈ അപകട മുനമ്പിലൂടെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നത്.

എന്നാൽ ദുരന്തം ആവർത്തിക്കാതിരിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നത്. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന ഒരു കാര്യവും സർക്കാർ ചെയ്യുന്നില്ല. അപകടത്തിൽ പരിക്കേൽക്കുന്നവരെ രക്ഷപ്പെടുത്തൽ മാത്രമല്ല സർക്കാറിൻ്റെ ഉത്തരവാദിത്വം. അപകടങ്ങൾ ഉണ്ടാകാതെ ജനങ്ങളെ സംരക്ഷിക്കലാണ് സർക്കാറിൻ്റെ കടമ അക്കാര്യം ചെയ്യാതെ രക്ഷാപ്രവർത്തകന്റെ റോളിലേക്ക് സർക്കാർ പരിമിതപ്പെടുകയാണ്. ഇത് അപമാനകരമാണ് . സർക്കാരിൻ്റെ ഈ നിഷ്ക്രിയ നിലപാടിനെതിരെയുള്ള ജനരോഷം ആണ് പെരുമാതുറയിൽ നടക്കാൻ പോകുന്ന സമര സംഗമ​മെന്ന് അവർ പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News