പി.വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് വെൽഫെയർ പാർട്ടി
''ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വിഷയം ഉന്നയിക്കുന്നവരെ തുറുങ്കിൽ അടക്കുന്ന ഫാഷിസ്റ്റ് രീതി കേരള സർക്കാർ തിരുത്താൻ തയ്യാറാകണം''
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച പി.വി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
'നിരവധി മനുഷ്യജീവനുകളാണ് ചുരുങ്ങിയ കാലത്തിനിടയിൽ വന്യജീവി ആക്രമണം മൂലം നഷ്ടമായത്. പ്രശ്നം ഇത്രയും ഗുരുതരമായിട്ടും ഉചിതമായ നടപടികൾ സ്വീകരിക്കാനോ പരിഹാരം കണ്ടെത്താനോ സർക്കാറിന് സാധിക്കുന്നില്ല. ഇക്കാര്യത്തിൽ തികച്ചും ഉദാസീനമായ നിലപാടാണ് ഇടതുസർക്കാർ പുലർത്തുന്നത്.
മലയോരപ്രദേശങ്ങളിലും വനത്തിൻ്റെ പരിസരങ്ങളിലും ജീവിക്കുന്ന പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവരാണ് വന്യജീവി അക്രമണങ്ങൾക്ക് കൂടുതലും വിധേയമായിക്കൊണ്ടിരിക്കുന്നത്.
കേരളം ഇന്നനുഭവിക്കുന്ന ഗുരുതരമായ ഈ സാമൂഹ്യപ്രശ്നത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് ജനപ്രതിനിധിയായ പി.വി അൻവറിനെ സർക്കാർ ജയിലിൽ അടച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കഴിഞ്ഞ കാലങ്ങളിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ അൻവർ ഉയർത്തിയ വിമർശനത്തിനെതിരായ പ്രതികാര നടപടികളുടെ ഭാഗമായെ ഈ അറസ്റ്റിനെ കാണാൻ കഴിയൂ. ഒരു ജനപ്രതിനിധിക്ക് നൽകേണ്ട പരിഗണന പോലും നൽകാതെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് ഭീതി ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ പ്രത്യേക നിർദേശം ഇല്ലാതെ ഒരിക്കലും ഇത് സംഭവിക്കില്ല. എതിർ ശബ്ദമുയർത്തുന്നവരെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുന്ന ബിജെപി മോഡലാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വിഷയം ഉന്നയിക്കുന്നവരെ തുറുങ്കിൽ അടക്കുന്ന ഫാഷിസ്റ്റ് രീതി കേരള സർക്കാർ തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.