അന്‍വര്‍ മുങ്ങിയതല്ല, ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിലാണ്

കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തൻറെ പണിയെന്നും പിവി അന്‍വര്‍

Update: 2021-08-22 06:04 GMT
Advertising

നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ടിവി ചാനലില്‍ ആദ്യ പ്രതികരണവുമായി പി.വി അന്‍വര്‍. ആഫ്രിക്കയിലെ സിയേറ ലിയോണിൽ നിന്ന് മീഡിയാ വണിന് പ്രത്യേകമായി അനുവദിച്ച അഭിമുഖത്തിലായിരുന്നു അന്‍വറിന്‍റെ പ്രതികരണം.

കള്ളവാർത്തകൾ നൽകിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്ന് പി.വി. അൻവർ എം.എൽ.എ പറഞ്ഞു. ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയേറ ലിയോണിലാണെന്നും അവിടെ സ്വര്‍ണ ഖനനത്തിലാണെന്നും  അന്‍വര്‍ പറഞ്ഞു. സാമ്പത്തിക ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ വയ്യാതെയാണ് ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയത്. പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയതെന്നും പാർട്ടി തനിക്ക് മൂന്നു മാസത്തെ അവധി അനുവദിച്ചിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. നാട്ടിലില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തൻറെ പണിയെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശകര്‍ക്കെതിരെ പ്രതികരിച്ച അന്‍വര്‍ യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുന്നതായും ആരോപിച്ചു

നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും അപ്രത്യക്ഷനായെന്ന പ്രതിപക്ഷ പ്രചാരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അന്‍വര്‍ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയിരുന്നു. പുതിയ വാര്‍ത്ത തനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ല, സ്വിച്ച്ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എല്‍.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയര്‍ത്തിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ എം.എല്‍.എയുടെ അസാന്നിധ്യം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News