"കേരളം കാത്തിരിക്കുന്നത് വലിയ ദുരന്തം " മാധവ് ഗാഡ്ഗിൽ 2013ൽ പറഞ്ഞത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സംസ്ഥാനം മറ്റൊരു മഴക്കെടുതി അഭിമുഖീകരിക്കവേ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ പഴയ വാക്കുകൾ വൈറലാകുന്നു. 2013ൽ ഗാഡ്ഗിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
" പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളം കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നത് പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസ്സിലാകും" - മാധവ് ഗാഡ്ഗിലിന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
കേരളം പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമാണ് ഗാഡ്ഗിലിനെയും അദ്ദേഹത്തിന്റെ റിപ്പോർട്ടും ഓർക്കുന്നതെന്ന് ചിലർ വിമർശിക്കുന്നു. "അന്ന് മാധവ് ഗാഡ്കിൽ റിപ്പോർട്ട് തള്ളിക്കളയാൻ തെരുവിൽ കലാപന്തരീക്ഷം സൃഷ്ടിച്ച ഒരു കാലം നമുക്ക് കഴിഞ്ഞുപ്പോയിട്ടുണ്ട്" എന്നും ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്.
നേരത്തെ, കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചർച്ചയായത്.