'ചർച്ചക്കെന്ന് പറഞ്ഞ് പൊലീസ് കൊണ്ടുപോയത് 35 കിലോമീറ്റർ അകലേക്ക്'; കാൺപൂരിൽ ഇന്നലെ രാത്രി സംഭവിച്ചതെന്ത്?- ഇ.ടിയുമായി പ്രത്യേക അഭിമുഖം

ഏകദേശം 29 പേരെയാണ് സംഘർഷത്തിന്റെ പേരിൽ ജയിലിൽ കിടക്കുന്നത്. ഇവരിൽ പലരും നിരപരാധികളാണ്. അവരെ കാണാനും നിയമസഹായം നൽകാനുമാണ് ഞങ്ങൾ പോയത്. ഇത്തരം സന്ദർഭങ്ങളിൽ ആളുകളെ പ്രകോപിതരാക്കാതെ പ്രശ്‌നം പരിഹരിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ പാരമ്പര്യം.

Update: 2022-06-10 03:28 GMT
Advertising

ന്യൂഡൽഹി: ജനപ്രതിനിധികളെന്ന പരിഗണനപോലും നൽകാതെയാണ് യു.പി പൊലീസ് കഴിഞ്ഞ ദിവസം തങ്ങളോട് പെരുമാറിയതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. ഇന്നലെ അർധരാത്രിയാണ് ഇ.ടിയുടെ നേതൃത്വത്തിലുള്ള സംഘം കാൺപൂരിലെത്തിയത്. എന്നാൽ ഇരകളെ സന്ദർശിക്കാൻ അനുവദിക്കാതെ യു.പി പൊലീസ് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു.

ഇ.ടി മീഡിയവണിനോട് പറഞ്ഞത്:

യു.പി പൊലീസിനെയും ജയിൽ സൂപ്രണ്ടിനെയും അറിയിച്ച ശേഷമാണ് ഞങ്ങൾ കാൺപൂരിലെത്തിയത്. രാത്രി 10 മണിയോടെയാണ് അവിടെയെത്തിയത്. എന്നാൽ അവിടെ ഇറങ്ങിയപ്പോൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഞങ്ങളെ തടഞ്ഞു. നമുക്ക് ചർച്ച നടത്താമെന്ന് പറഞ്ഞ് അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഞങ്ങളുടെ വാഹനത്തിൽ വരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. യഥാർഥത്തിൽ ഞങ്ങളെ അവർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള ഗസ്റ്റ് ഹൗസിലേക്ക് എന്ന് പറഞ്ഞാണ് വാഹനത്തിൽ കയറ്റിയത്. എന്നാൽ രണ്ട് കിലോ മീറ്റർ കൂടി...രണ്ട് കിലോമീറ്റർ കൂടി എന്നുപറഞ്ഞ് വീണ്ടും വീണ്ടും മുന്നോട്ട് പോവുകയായിരുന്നു. ഒടുവിൽ ഞങ്ങളവരോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും 35 കിലോ മീറ്റർ പിന്നിട്ടിരുന്നു.

ഇരകളെ കാണാനാവില്ലെന്നും ഇപ്പോൾ തന്നെ ഡൽഹിയിലേക്ക് മടങ്ങിപ്പോവണമെന്നുമാണ് അപ്പോൾ പൊലീസ് പറഞ്ഞത്. കാൺപൂരിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാലാണ് അവിടെവെച്ച് ഇക്കാര്യം പറയാതിരുന്നതെന്നും പൊലീസ് പറഞ്ഞു. നിങ്ങളെ ഇവിടെ ഇറങ്ങാൻ സമ്മതിക്കരുതെന്നും ഡൽഹിയിലേക്ക് തിരിച്ചയക്കണമെന്നുമാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്നും അവർ വ്യക്തമാക്കി. തുടർന്ന് 12 മണിവരെ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നാൽ പൊലീസ് വഴങ്ങാൻ തയ്യാറായില്ല. ഇന്ന് രാവിലെ ആറു മണിയോടെ ഞങ്ങളെ ഡൽഹിയിലെ ഫ്‌ളാറ്റിലെത്തിച്ച ശേഷമാണ് അവർ മടങ്ങിപ്പോയത്.

ഏകദേശം 29 പേരെയാണ് സംഘർഷത്തിന്റെ പേരിൽ ജയിലിൽ കിടക്കുന്നത്. ഇവരിൽ പലരും നിരപരാധികളാണ്. അവരെ കാണാനും നിയമസഹായം നൽകാനുമാണ് ഞങ്ങൾ പോയത്. ഇത്തരം സന്ദർഭങ്ങളിൽ ആളുകളെ പ്രകോപിതരാക്കാതെ പ്രശ്‌നം പരിഹരിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ പാരമ്പര്യം. ഇതിനൊക്കെയാണ് ഞങ്ങൾ പോയത്. എന്നാൽ ഒരു സംഘർഷത്തിന്റെ ഇരകളെ കാണാൻ പോലും ജനപ്രതിനിധികളെ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. മുകളിൽനിന്നുള്ള ഉത്തരവാണെന്നും ഞങ്ങൾ നിസ്സഹായരാണെന്നുമാണ് അഡീഷണൽ എസ്.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.

പ്രശ്‌നമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ഞങ്ങൾ പോയത്. പൊലീസിനെ വിവരമറിയിച്ച് ഔദ്യോഗിക സന്ദർശനമാണ് ഞങ്ങൾ നടത്തിയത്. എന്നാൽ പൂർണമായും തെറ്റായാണ് പൊലീസ് പ്രവർത്തിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് കുറച്ചുകൂടി സുതാര്യമായി പ്രവർത്തിക്കണം. നിരപരാധികളെ പ്രതികളാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. കേസിൽ പ്രതികളാവുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുള്ള യു.പി സർക്കാറിന്റെ നടപടികൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ആരെയും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News