തനിക്കെതിരെ പാർട്ടി നടപടിയെടുത്തത് എന്തിന്? ലീഗിൽ നിന്ന് പുറത്താക്കിയതിനെതിരെ കെ.എസ് ഹംസ

'സംസ്ഥാന കൗൺസിലിൽ മത്സരിക്കരുതെന്ന് പാർട്ടി നിർദേശം നൽകി. മത്സരിക്കുന്നത് തടയാനാണ് തെരഞ്ഞെടുപ്പ് ദിവസം പുറത്താക്കിയത്'

Update: 2023-03-19 06:48 GMT
Advertising

മലപ്പുറം: ലീഗിൽ നിന്ന് തന്നെ പുറത്താക്കിയത് എന്തിനെന്ന് മുസ്‍ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ. നേതൃത്വത്തെ അധിക്ഷേപിച്ചെന്നും വാർത്ത മാധ്യമങ്ങൾക്ക് നൽകിയെന്നുമാണ് തനിക്കെതിരെയുള്ള ആരോപണം. സംസ്ഥാന കൗൺസിലിൽ മത്സരിക്കരുതെന്ന് പാർട്ടി നിർദേശം നൽകി. മത്സരിക്കുന്നത് തടയാനാണ് തെരഞ്ഞെടുപ്പ് ദിവസംതന്നെ പുറത്താക്കിയതെന്നും കെ.എസ് ഹംസ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടി യോഗങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. എ.ആർ നഗർ ബാങ്ക് അഴിമതിയടക്കം ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച കെ.ടി ജലീലുമായി കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പാക്കി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ വെറും ചടങ്ങായിരുന്നു. ലീഗിന് 300 വോട്ട് കിട്ടിയ സ്ഥലത്ത് പോലും 500 മെമ്പർമാരുണ്ടെന്നും കെ.എസ് ഹംസ പരിഹസിച്ചു.

ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് കെ.എസ് ഹംസയെ പുറത്താക്കിയത്. അച്ചടക്ക സമിതിയുടെ ശുപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമർശിച്ചതിലും നേരത്തെ നടപടിയെടുത്തിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News