'ജീവന് വേണ്ടി പിടയുന്നത് കണ്ടപ്പോൾ ഒന്നും നോക്കിയില്ല': ഫസലുദ്ദീന്റെ മനോധൈര്യത്തിൽ വിജേഷിന് തിരിച്ചു കിട്ടിയത് സ്വന്തം ജീവൻ

കിണർ കുഴിച്ച പരിചയമാണ് തന്നെ രക്ഷാപ്രവർത്തനത്തിന് സഹായിച്ചതെന്നാണ് ഫസലുദ്ദീൻ പറയുന്നത്

Update: 2023-02-07 12:56 GMT
Advertising

മലപ്പുറം: കരുവാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട യുവാവിന് രക്ഷയായി സ്‌കൂൾ ബസ് ജീവനക്കാരൻ. നജാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഫസലുദ്ദീന്റെ സമയോചിതമായ ഇടപെടലിലും മനോധൈര്യത്തിലും തമിഴ്‌നാട് സ്വദേശി വിജേഷിനാണ് ജീവൻ തിരിച്ചു കിട്ടിയത്.

കരുവാരക്കുണ്ട് കൽക്കുണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ വന്ന തമിഴ്‌നാട് സ്വദേശികളുടെ സംഘത്തിലെ അംഗമായിരുന്നു വിജേഷ്. നീന്തൽ വശമില്ലാത്തതിനാൽ ആഴമില്ലാത്ത ഭാഗത്തിറങ്ങിയ വിജേഷ് പക്ഷേ കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് തെന്നിപ്പോവുകയും മുങ്ങുകയും ചെയ്തു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വിജേഷിനെ കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായിരുന്നതിനാൽ വിജേഷിനെ പാറക്കെട്ടുകൾക്ക് മുകളിലെത്തിക്കാൻ സാധിച്ചില്ല.


ഈ സമയം വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ സ്‌കൂൾ സംഘത്തിലെ ജീവനക്കാരൻ ഫസലുദ്ദീൻ താൻ ശ്രമിച്ചു നോക്കാമെന്നറിയിച്ച് കയറിലൂടെ താഴേയ്ക്കിറങ്ങുകയായിരുന്നു. സുരക്ഷക്ക് വേണ്ടി സ്ഥാപിച്ച വലിയ കയറിലൂടെ തൂങ്ങിയിറങ്ങിയ ഫസലുദ്ദീൻ വിജേഷിനെ സ്വന്തം ചുമലിൽ കെട്ടി മുറുക്കുകയും പിന്നീട് അതേ കയറിൽ മുകളിലേക്ക് കയറുകയും ചെയ്തു. വിജേഷിന് ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.

കിണർ കുഴിച്ച പരിചയമാണ് തന്നെ രക്ഷാപ്രവർത്തനത്തിന് സഹായിച്ചതെന്നാണ് ഫസലുദ്ദീൻ പറയുന്നത്. വീട്ടിലെ കിണർ സ്വന്തമായി നിർമിച്ചപ്പോഴാണ് കയറിൽ തൂങ്ങി പരിശീലനം ലഭിച്ചതെന്നും ജീവനുവേണ്ടി ഒരാൾ പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും ഫസലുദ്ദീൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം പൊന്നാനി സ്വദേശി മരണപ്പെട്ടതുൾപ്പടെ നിരവധി അപകടങ്ങൾ നടന്നിട്ടുള്ള വെള്ളച്ചാട്ടമാണ് കരുവാരക്കുണ്ടിലേത്. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ സന്ദർശനത്തിനെത്താറുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News