തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് ബി.ജെ.പിയായി മാറുന്നു -എം.വി. ഗോവിന്ദൻ

‘കോൺഗ്രസിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഹ്ലാദമില്ല’

Update: 2024-03-08 09:10 GMT

എം.വി ഗോവിന്ദന്‍

Advertising

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് ബി.ജെ.പിയായി മാറുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മറ്റു സംസ്ഥാനങ്ങളിലുള്ള പ്രവണത കേരളത്തിലും ശക്തിയായി വരുന്നു. നേതാക്കളെ പോലും ഉറപ്പിച്ചുനിർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശത്രുവായി പ്രഖ്യാപിച്ച്, ബി.ജെ.പിയുമായി ചേർന്ന് ​പ്രവർത്തിക്കുകയാണ് കോൺഗ്രസ്.

മതനിരപേക്ഷത അടിത്തറയുള്ള കേരളത്തിൽ പോലും കോൺഗ്രസിൽനിന്ന് ആര് ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്. പ്രധാനമന്ത്രിയെ പുകഴ്ത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിലപാടും, വിരുന്നിന് ക്ഷണിച്ചാൽ പോകുമെന്നുമുള്ള കെ. മുരളീധരൻ എം.പിയുടെ പ്രസ്താവനയും കൂട്ടിവായിക്കണം. രണ്ടക്ക സീറ്റ് കിട്ടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ പൊരുൾ എല്ലാവർക്കും മനസ്സിലായി.

കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും മതിനിരപേക്ഷതയുടെ ഭാഗമായി നിൽക്കേണ്ടവരാണ് അവർ. ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് അവർ. കോൺഗ്രസിൽനിന്ന് ആളുകൾ ബി.ജെ.പിയിലേക്ക് ഇങ്ങനെ കൊഴിഞ്ഞുപോകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആഹ്ലാദകരമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വന്യജീവി ആക്രമണത്തിനെതിരെ സർക്കാറിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. മന്ത്രിസഭാ യോഗം പ്രത്യേക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓർഡിനൻസോ നിയമത്തിൽ ഭേദഗതിയോ കൊണ്ടുവരണം. വന്യജീവികളെ വെടിവെക്കാനുള്ള അവകാശം വേണമെന്നത് ന്യായമായ കാര്യമാണ്. ആവശ്യമായ സമയത്ത് വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. കേന്ദ്രസർക്കാർ അതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. അതേസമയം, മൃതദേഹം അടക്കം ഉപയോഗപ്പെടുത്തി ചിലർ രാഷ്ട്രീയ നീക്കം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമന്യൂ കേസിലെ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണം. ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിച്ച് വിശദമായ അന്വേഷണം നടത്തണം. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നാണ് സി.പി.എം നിലപാട്. പ്രതികളിൽ ഒരാളെ മാത്രമാണ് ഇനി കിട്ടാനുള്ളത്. വളരെ വേഗം അയാളെയും അറസ്റ്റ് ചെയ്യും. സംഭവത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോ​ൺഗ്രസ് സ്ഥാനർഥിയായ കെ. മുരളീധരൻ തൃശൂരിൽ വരുന്നതോടെ മത്സരം അയയും. മുരളീധരൻ നേരത്തെ മത്സരിച്ച പലയിടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News