ഫോട്ടോ ഫിനിഷിൽ രാജ്യസഭാ സ്ഥാനാർഥി; ആരാണ് ജെബി മേത്തർ?
കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെഎംഐ മേത്തറുടെ മകളും മുൻ കെപിസിസി പ്രസിഡന്റ് പരേതനായ ടി.ഒ ബാവയുടെ പേരക്കുട്ടിയുമാണ് ജെബി.
സംസ്ഥാനത്തെ ഏറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിത്വത്തിന് പരിഗണിക്കാൻ അഞ്ച് പേരുകൾ കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് കൈമാറിയത്. എം.ലിജു, ജെയ്‌സൺ ജോസഫ്, ജെബി മേത്തർ എന്നിവരുടെ പേരുകളായിരുന്നു അവസാനം വരെ പരിഗണനയിലുണ്ടായത്. ഒടുവിൽ ജെബി മേത്തർക്ക് നറുക്കുവീണിരിക്കുന്നു.
കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ കെഎംഐ മേത്തറുടെ മകളും മുൻ കെപിസിസി പ്രസിഡന്റ് പരേതനായ ടി.ഒ ബാവയുടെ പേരക്കുട്ടിയുമാണ് ജെബി. സ്ത്രീകൾക്ക് പരിഗണന കിട്ടുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് കോൺഗ്രസ് വിട്ടതിനെ തുടർന്നാണ് ജെബി മേത്തർ കഴിഞ്ഞ ഡിസംബറിൽ മഹിളാ കോൺഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
യൂത്ത് കോൺഗ്രസ് മുൻ ദേശീയ ജനറൽ സെക്രട്ടറിയായ ജെബി മേത്തർ എഐസിസി അംഗവും ആലുവ മുൻസിപ്പൽ ഉപാധ്യക്ഷയുമാണ്. തുടർച്ചയായ മൂന്നാം തവണയാണ് ജെബി മേത്തർ മുൻസിപ്പൽ കൗൺസിലറാവുന്നത്.
കേരളത്തിൽ നിന്ന് കോൺഗ്രസിന് മുസ്‌ലിം എംപിമാരില്ലാത്തതും വനിതാ പ്രാതിനിധ്യം, യുവമുഖം തുടങ്ങിയ പരിഗണനകളും ജെബി മേത്തറിന് തുണയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‌ലിം മേഖലകളിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. എളമരം കരീമും എഎ റഹീമും സിപിഎം പ്രതിനിധികളായി ഉണ്ടാവുമ്പോൾ മുസ്‌ലിം പ്രാതിനിധ്യമില്ലാത്തത് കോൺഗ്രസിന് തിരിച്ചടിയാവുമെന്ന അഭിപ്രായമുയർന്നിരുന്നു.
എം.ലിജുവിനായി കെ.സുധാകരൻ അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. എന്നാൽ ചെന്നിത്തല, സുധാകരൻ പക്ഷത്തിന്റെ നോമിനിയായ ലിജുവിനെ പരിഗണിക്കേണ്ടതില്ലെന്ന കെ.സി വേണുഗോപാലിന്റെ നിലപാടാണ് ലിജുവിന് തിരിച്ചടിയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ലിജു, സതീശൻ പാച്ചേനി തുടങ്ങിയവരെ പരിഗണിക്കരുതെന്ന് കെ.മുരളീധരനും ആവശ്യപ്പെട്ടിരുന്നു.