ആരാകും ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ്? മൂന്നു പേരുകള്‍ പരിഗണനയില്‍
കീഴ്‌വഴക്കങ്ങളിൽ നിന്ന് മാറി ജില്ലാ പ്രസിഡന്‍റ് വരാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്
മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത സാദിഖലി ശിഹാബ് തങ്ങളുടെ പിൻഗാമി ആരാകുമെന്ന ആകാംക്ഷയിലാണ് മുസ്‍ലിം ലീഗ് പ്രവർത്തകർ. ലീഗിന്‍റെ ശക്തി കേന്ദ്രമായ ജില്ലയെ നയിക്കാൻ മൂന്ന് പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. കീഴ്‌വഴക്കങ്ങളിൽ നിന്ന് മാറി ജില്ലാ പ്രസിഡന്‍റ് വരാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട് .
ഹൈദരലി തങ്ങളുടെ മരണത്തെ തുടർന്നാണ് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റും ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി ശിഹാബ് തങ്ങളെ സംസ്ഥാന അധ്യക്ഷനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് . ആരാകും സാദിഖലി തങ്ങളുടെ പിൻഗാമിയായി മലപ്പുറം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുക എന്നത് ഇപ്പോഴും വ്യക്തമല്ല. കീഴ്‌വഴക്കമനുസരിച്ച് പൂക്കോയ തങ്ങളുടെ ഇളയമകനും സാദിഖലി ശിഹാബ് തങ്ങളുടെ നേർ സഹോദരനുമായ അബ്ബാസലി ശിഹാബ് തങ്ങളാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങളും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങളും പരിഗണയിലുണ്ടെന്നാണ് സൂചന.
മുസ്‍ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്‍റാണ് അബ്ബാസലി ശിഹാബ് തങ്ങൾ. നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ മുനവ്വറലി ശിഹാബ് തങ്ങൾ രാഷ്ട്രീയ സാമൂഹിക, കാരുണ്യ മേഖലകളിൽ സജീവമാണ്. ആ നിലക്കാണ് മുനവ്വറലി ശിഹാബ് തങ്ങളെ പരിഗണിക്കുന്നത് . അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങൾ രാഷ്ട്രീയ രംഗത്തെക്കാൾ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത് ആത്മീയ രംഗത്താണ്. മുസ്‍ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനവുമായി സജീവ രാഷ്ട്രീയത്തിലേക്ക് റഷീദലി തങ്ങളെത്തുമോ എന്നതിലും വ്യക്തതയില്ല . പരിഗണനയിലുള്ള മൂന്നു പേരിൽ അബ്ബാസലി ശിഹാബ് തങ്ങൾക്ക് തന്നെയാകും പ്രഥമ പരിഗണന .