'കല്ലിടലാണോ മന്ത്രിമാരുടെ ജോലി? കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയും'; വി.ഡി സതീശൻ
സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരിൽ സർക്കാർ കേരളത്തെ പണയപ്പെടുത്തുകയാണ് ചെയ്യുന്നത്
തിരുവനന്തപുരം: കെ റെയിലിന് വേണ്ടി സ്ഥാപിച്ച അതിരടയാളകല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'കല്ല് പിഴുതെറിഞ്ഞ സ്ഥലങ്ങളിൽ മന്ത്രിമാർ വീണ്ടും പോയി കല്ല് സ്ഥാപിക്കുകയാണ്. മന്ത്രിമാർക്ക് കല്ലിടലാണോ ജോലിയെന്നും' സതീശൻ ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കല്ല് വീണ്ടും സ്ഥാപിച്ചാലും ഞങ്ങൾ പിഴുതെറിയും. സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരിൽ കേരളത്തെ പണയപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. ജൈകയുടെ കാണാചരടിൽ കേരളത്തെ കെട്ടിത്തൂക്കാണ്.
ലോണുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്താനാണ് സർക്കാറിന്റെ നീക്കം. സാമൂഹിക ആഘാതപഠനം പോലും നടത്താതെയാണ് ഈ തട്ടിപ്പ് നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞത് എന്തുസംഭവിച്ചാലും പദദ്ധതി നടപ്പാക്കുമെന്ന്. പിന്നെയെന്തിനാണ് സാമൂഹികാഘാതപഠനം നടത്തുന്നത്. പഠനം നടത്തുന്നത് പ്രഹസനമാണ്. അത് ജനങ്ങളെ കബളിപ്പിക്കലാണ്. സർവസന്നാഹങ്ങളായി വന്നാലും ജനങ്ങളെ ചേർത്ത്‌നിർത്തി തോൽപ്പിക്കും. ചെറുവിരൽപോലും അനക്കാൻ സമ്മതിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.കെ.റെയിലുമായി സുപ്രിം കോടതി സാങ്കേതികമായ കാര്യം മാത്രമാണ് പരിഗണിച്ചത്. അതാണ് ഭൂമി ഏറ്റെടുക്കൽ സർവേയാണെന്ന് സർക്കാർ മറിച്ച് വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്' എന്നും അദ്ദേഹം പറഞ്ഞു.
'പണിമുടക്ക് ഹർത്താലിന് സമാനമായി.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണ്.ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയൊന്നുമല്ല. കോൺഗ്രസ്സ് അനുഭാവികൾ കൂടുതൽ ഉണ്ടെന്നത് വസ്തുത. എന്നാൽ കോൺഗ്രസ് പറയുന്നത് ഐ.എൻ.ടി. യു.സി കേൾക്കണം എന്ന് നിർബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ഇത്തരം സമരങ്ങളോടുള്ള വിയോജിപ്പ് അവരെ അറിയിക്കും.ജനങ്ങളുടെ അവകാശം ചോദ്യം ചെയ്യുന്നത് ഏത് ട്രേഡ് യൂണിയൻ ആയാലും അംഗീകരിക്കാൻ ആവില്ല ഏഷ്യാനെറ്റ് സമരം അസഹിഷ്ണുതയാണ്. പത്ര മാധ്യമങ്ങളിലേക്ക് സമരം നടത്തുന്നതിന് എതിരാണെന്നും ഇതുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു സിയോട് സംസാരിക്കുമെന്നും' വിഡി സതീശൻ പറഞ്ഞു.